കസേരയെ ചൊല്ലി തമ്മിലടിച്ച് ഡോക്ടറും സബ് കളക്ടറും; രൂക്ഷമായ വാക്‌പോര്; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 01:39 PM  |  

Last Updated: 17th January 2020 01:39 PM  |   A+A-   |  

 

ഭോപ്പാല്‍: ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ സബ്കളക്ടറിന്‌
സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറും  സബ്കളക്ടറും തമ്മില്‍ വാക്‌പോര്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം.

ജില്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കായി എത്തിയ മജിസ്‌ട്രേറ്റ് ചില രേഖകള്‍ നോക്കുന്നതിനായി ഇരിക്കാന്‍ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രോഗികളെ പരിശോധിക്കുകയാണെന്നും കസേര നല്‍കാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ മറ്റേതെങ്കിലും കസേരയില്‍ ഇരിക്കാമെന്നായി ഡോക്ടര്‍. ഇത് അംഗീകരിക്കാന്‍ മജിസ്‌ട്രേറ്റും തയ്യാറായില്ല. കസേര നല്‍കാത്ത ഡോക്ടര്‍ നടപടിക്കെതിരെ അവര്‍ ബഹളം വെക്കുകയായിരുന്നു

മൊബൈല്‍ പകര്‍ത്തിയ  ഈ വീഡിയോ ഡോക്ടര്‍ മനീഷ് കുമാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു. ഇതിന് പിന്നാലെ വീഡിയോ വൈറലാവുകയായിരുന്നു.

രണ്ട് മിനിറ്റുള്ള വീഡിയോയില്‍ മജിസ്‌ട്രേറ്റ് മോശമായി പ്രതികരിക്കുമ്പോള്‍ എല്ലാ നിശ്ബദമായി കേട്ടിരിക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. നിങ്ങള്‍ സര്‍വീസില്‍ പുതുതായി എത്തിയ ആളാണെന്നും, ആരോടാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ?,നിങ്ങളുടെ ഉത്തരവാദിത്തം പരിശോധിക്കാന്‍ ചുമതലയുള്ള ആളാണ് താനെന്നത് നിങ്ങള്‍ക്ക് അറിയുമോ?എന്നൊക്കെ മജിസ്‌ട്രേറ്റ് ആക്രോശിച്ചപ്പോല്‍ നിങ്ങളുടെ പരിശോധന തുടര്‍ന്നോളൂ. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് രോഗികളെ പരിശോധിക്കുന്നത് തടയുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇതിനും മോശമായ രീതിയിലായിരുന്നു മജിസ്‌ട്രേറ്റിന്റെ മറുപടി. മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്്. ഇവര്‍ക്കെതിരെ നടപടി വേണമെന്നും അധികാരത്തിന്റെ അഹങ്കാരമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.