നിര്‍ഭയ: മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 12:21 PM  |  

Last Updated: 17th January 2020 12:21 PM  |   A+A-   |  

nirbhaya_mukesh-1

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തീരുമാനം. 

ദയാഹര്‍ജി തള്ളണമെന്ന ശുപാര്‍ശ ഇന്നലെ രാത്രിതന്നെ ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്കു നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ തന്നെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് രഷ്ട്രപതി ഭവന്‍ അറിയിപ്പു പുറത്തിറക്കി. അവസാന നിമിഷം ദയാഹര്‍ജി സമര്‍പ്പിച്ചത് ശിക്ഷ നടപ്പാക്കുന്നതു വൈകിപ്പിക്കുന്നതിനു മാത്രമാണെന്ന്, ശുപാര്‍ശയില്‍ ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിനായി ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് മുകേഷ് സിങ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി പരിഗണനയില്‍ ഉള്ളതിനാല്‍, മരണവാറണ്ട് പ്രകാരമുള്ള 22ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. 

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പേരില്‍ മുകേഷ് സിങ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. മറ്റുള്ളവരും ദയാഹര്‍ജി നല്‍കാന്‍ തീരുമാനിക്കുന്ന പക്ഷം ശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീണ്ടുപോവാനാണ് സാധ്യത.