എന്‍പിആര്‍ : കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ; പങ്കെടുക്കില്ലെന്ന് മമത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2020 07:09 AM  |  

Last Updated: 17th January 2020 07:15 AM  |   A+A-   |  

 

 

ന്യൂഡല്‍ഹി : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സെന്‍സസ് തുടങ്ങിയവ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദിന്റെ നേതൃത്വത്തില്‍ വിളിച്ച യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോ ചുമതലപ്പെടുത്തിയവരോ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. എന്‍പിആറിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തലാണ് യോഗത്തിന്റെ ലക്ഷ്യം.

എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ബംഗാളില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ പോലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത അറിയിച്ചു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ നിന്നും ആരും പങ്കെടുക്കില്ലെന്നാണ് സൂചന. എന്‍പിആര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും, സെന്‍സസുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാമെന്നുമാണ് കേരളത്തിന്റെ നിലപാട്.

അതേസമയം എന്‍പിആറുമായി നിസഹകരണം പ്രഖ്യാപിച്ചെങ്കിലും പശ്ചിമബംഗാളും കേരളവും ഒടുവില്‍ വഴങ്ങുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതല്ലെങ്കില്‍ ജനങ്ങള്‍ക്ക് പല പദ്ധതികളുടെയും ആനുകൂല്യം കിട്ടാത്ത സ്ഥിതി വരും. രണ്ടു സംസ്ഥാനങ്ങളും എന്‍പിആര്‍ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. കേരളവും ബംഗാളും എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണ് ചെയ്തതെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് എന്‍പിആറിനായി വിവരം ശേഖരിക്കേണ്ടത്. നിലപാട് എടുക്കാന്‍ മാര്‍ച്ച് വരെ സമയമുണ്ട്. എന്‍പിആര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഔപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ വിജ്ഞാപനം ചെയ്ത സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ അവയും ഉള്‍പ്പെടുന്നതായി കേന്ദ്രആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.