'ഞങ്ങളെപ്പോലെയുളളവരും ഇവിടെയുണ്ട്'; പൗരത്വ നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഒരു കല്യാണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 02:13 PM  |  

Last Updated: 18th January 2020 02:13 PM  |   A+A-   |  

 

ഭോപ്പാല്‍: കല്യാണ മണ്ഡപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുളള വേദിയാക്കി മാറ്റിയ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവുമധികം സ്വരം ഉയര്‍ത്തുന്ന കേരളത്തിലാണ് ഇത്തരത്തിലുളള വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ ഏറ്റവുമധികം അരങ്ങേറിയത്. ഇപ്പോള്‍ കല്യാണ കുറിയിലൂടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് വരന്‍. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായതെന്ന് വരന്‍ പറയുന്നു.

മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് വ്യത്യസ്തമായ ആശയം മുന്നോട്ടുവെച്ചത്. ഇന്ന് നടക്കുന്ന കല്യാണത്തിന് വേണ്ടി അച്ചടിച്ച് ഇറക്കിയ കല്യാണ കുറിയിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യദാര്‍ഢ്യം പ്രഭാത് പ്രകടിപ്പിച്ചത്. സിഎഎയെ പിന്തുണയ്ക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കല്യാണ കുറികളാണ് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും നിയമത്തിലെ വസ്തുതകള്‍ ജനങ്ങളെ മനസ്സിലാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും പ്രഭാത് പറയുന്നു. പൗരത്വ നിയമ ഭേദഗതിയോടുളള പിന്തുണ രേഖപ്പടുത്തിയ കല്യാണ കുറി സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതമുളള വാര്‍ത്തയ്ക്ക് സോഷ്യല്‍മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ്.

പൗരത്വ നിയമ ഭേദഗതിയോടുളള എതിര്‍പ്പ് രേഖപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ കേരളത്തില്‍ നിന്നുളള കല്യാണങ്ങളുടെ ചിത്രങ്ങള്‍ കാണിച്ച് ചിലര്‍ ഇതിനെ വിമര്‍ശിക്കുമ്പോള്‍, നല്ല ആശയം, വിവാഹത്തിന് എല്ലാവിധ ആശംസകള്‍ എന്നിങ്ങനെ പറഞ്ഞു മറുവിഭാഗവും കമന്റുകളില്‍ നിറയുന്നു. സംഘപരിവാര്‍ സ്‌നേഹത്തിന്റെ അടുത്ത ഉദാഹരണം, ആരാണ് പ്രഭാത്, മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍ നീളുന്നത്.