'മതവിവേചനത്തിന് ഇരയായെന്ന് എങ്ങനെ തെളിയിക്കും?' ; മുസ്ലിംകള്‍ അല്ലാത്ത ആര്‍ക്കും പൗരത്വം നല്‍കുമെന്ന് അസം മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 04:49 PM  |  

Last Updated: 18th January 2020 04:52 PM  |   A+A-   |  

Himanta_Biswa_Sarma

ഹിമാന്ത ബിശ്വ ശര്‍മ/ഫയല്‍

 

ഗുവാഹതി: പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് പൗരത്വം ലഭിക്കുമെന്ന് ബിജെപി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ. ഏതു കാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തിയവര്‍ ആയാലും ഇവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് ശര്‍മ പറഞ്ഞു.

മുസ്ലിംകള്‍ അല്ലാത്തവര്‍ ഈ രാജ്യങ്ങളില്‍ മതവിവേചനം നേരിടുന്നുണ്ടെന്നും അവര്‍ക്കാണ്, പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുകയെന്നും ബിജെപി നേതാക്കളും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിക്കുന്നതിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ ഹിമാന്ത ശര്‍മയുടെ പ്രസ്താവന.
പാകിസ്ഥാനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ അഫ്ഗാനില്‍നിന്നോ ഇന്ത്യയില്‍ എത്തിയവര്‍ക്ക് മത വിവേചനത്തിന് ഇരയായി എന്നു തെളിയിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്കു ബംഗ്ലാദേശില്‍ പോയി അവിടത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് മതവിവേചനത്തിന് ഇരയായി എന്നു തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവരാനാവില്ല. ഒരു രാജ്യവും ്അത്തരം ഒരു രേഖ നല്‍കില്ല. മൂന്നു രേഖകളാണ് അവര്‍ ഇന്ത്യന്‍ പൗരത്വത്തിന് നല്‍കേണ്ടത്. 2014 ഡംസബര്‍ 31ന് മുമ്പായി ഇന്ത്യയില്‍ എത്തിയെന്നു തെളിയിക്കുന്ന രേഖ, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജയിന്‍ മതത്തില്‍പ്പെട്ടയാളാണെന്നു തെളിയിക്കുന്ന രേഖ, ഈ മൂന്നു രാജ്യങ്ങളില്‍ ഒന്നില്‍ പൗരനായിരുന്നു എന്നു തെളിയിക്കുന്ന രേഖ- ചാനല്‍ അഭിമുഖത്തില്‍ ശര്‍മ വിശദീകരിച്ചു. 

അതേസമയം തന്നെ പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ അതത് രാജ്യങ്ങളില്‍ മതവിവേചനത്തിന് ഇരയായോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ശര്‍മ പറഞ്ഞു.