മാതാപിതാക്കളുടെ മൊബൈലിലെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു, നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; എട്ടും പതിനാലും വയസ്സുളള ആണ്‍കുട്ടികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 10:30 AM  |  

Last Updated: 18th January 2020 10:30 AM  |   A+A-   |  

പ്രതീകാത്മകചിത്രം

 

ഹൈദരാബാദ്: നാലുവയസ്സുളള പെണ്‍കുട്ടിയെ എട്ടും പതിനാലും വയസ്സുളള ആണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡീപ്പിച്ചതായി പരാതി. പട്ടം പറത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ടെറസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മാതാപിതാക്കളില്‍ ഒരാളുടെ മൊബൈല്‍ ഫോണിലെ അശ്ലീലദൃശ്യങ്ങളാണ് ആണ്‍കുട്ടികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. യുകെജി വിദ്യാര്‍ത്ഥിനിയായ നാലു വയസ്സുകാരി, മൂത്രമൊഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വകാര്യഭാഗത്ത് വേദന അനുഭവപ്പെടുന്നു എന്ന് അമ്മയോട് പരാതിപ്പെട്ടതാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. അയല്‍വാസികളായ കുട്ടികളാണ് നാലുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.

വീടിന്റെ ടെറസില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിക്കു പറ്റിയതാകാമെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാല്‍ മൂത്രം ഒഴിക്കുമ്പോള്‍ വേദന എന്ന് കുട്ടി ആവര്‍ത്തിച്ച് പറഞ്ഞതോടെ, സംശയം തോന്നിയ മുത്തശ്ശി കുട്ടിയോട് കാര്യം അന്വേഷിക്കുകയായിരുന്നു. കുട്ടിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. നാലുവയസ്സുകാരി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പോക്‌സോ നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ അനുസരിച്ച് നടപടി സ്വീകരിച്ചതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫോണില്‍ കണ്ട അശ്ലീല ദൃശ്യങ്ങളാണ് ഇതിന് പ്രേരണയായതെന്ന് ആണ്‍കുട്ടികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ആയതിനാല്‍ ഇവരെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.