മകളെ പീഡിപ്പിച്ച കേസ് പിന്‍വലിച്ചില്ല ; പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ തല്ലിക്കൊന്നു; ക്രൂരത യോഗിയുടെ നാട്ടില്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2020 09:07 AM  |  

Last Updated: 18th January 2020 09:07 AM  |   A+A-   |  


 

കാണ്‍പൂര്‍ : ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളാണ് അക്രമം നടത്തിയത്. 13 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പരാതി പിന്‍വലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം നടത്തിയത്.

ബലാല്‍സംഗക്കേസ് പ്രതികളുള്‍പ്പെടെ അഞ്ചംഗ സംഘമാണ് ഇരയുടെ അമ്മയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും ആക്രമിച്ചത്. ജനുവരി ഒമ്പതിനായിരുന്നു സംഭവം നടന്നത്. അക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

2018 ലാണ് പ്രതികള്‍ 13 കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കിയത്. കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ആക്രമിക്കപ്പെട്ട ഇരയുടെ അമ്മ എട്ടുദിവസത്തോളമാണ് മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞത്. എന്നാല്‍ അവരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നും മരിച്ചതായും കാണ്‍പൂര്‍ ഡിഐജി അറിയിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായും ഡിഐജി പറഞ്ഞു. മറ്റു രണ്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിഐജി അറിയിച്ചു.