'അച്ഛനും അമ്മയും ആരെന്നറിയാത്ത ബുദ്ധിജീവികള്‍, ഇവര്‍ പിശാചുക്കളും ഇത്തിക്കണ്ണികളും'; വീണ്ടും വിവാദ പരാമര്‍ശവുമായി ദിലീപ് ഘോഷ് 

ദിലീപ് ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്
'അച്ഛനും അമ്മയും ആരെന്നറിയാത്ത ബുദ്ധിജീവികള്‍, ഇവര്‍ പിശാചുക്കളും ഇത്തിക്കണ്ണികളും'; വീണ്ടും വിവാദ പരാമര്‍ശവുമായി ദിലീപ് ഘോഷ് 

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന വിവാദ പരാമര്‍ശത്തിന്റെ അലയൊലികള്‍ ശമിക്കും മുന്‍പേ, പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വീണ്ടും വിവാദത്തില്‍. ഇത്തവണ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവില്‍ സമരം ചെയ്യുന്ന ബുദ്ധിജീവികളെ കേന്ദ്രീകരിച്ചാണ് ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം. ഇവരെ പിശാചുക്കളോടും ഇത്തിക്കണ്ണികളോടും ഉപമിച്ചാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. കൊല്‍ക്കത്തയില്‍ തിയേറ്റര്‍ കലാകാരന്മാര്‍ നടത്തിയ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.

'ബുദ്ധിജീവികള്‍ എന്ന് പറഞ്ഞ് നടക്കുന്ന ചില ജീവികള്‍ കൊല്‍ക്കത്ത തെരുവുകളില്‍ ഇറങ്ങിയിരിക്കുകയാണ്. മറ്റുളളവരുടെ പോക്കറ്റിലെ പൈസ കൊണ്ട് സുഖമായി ജീവിക്കുന്നവരാണ് ബുദ്ധിജീവികള്‍ എന്ന് അറിയപ്പെടുന്ന ഈ ഇത്തിക്കണ്ണികള്‍. ബംഗ്ലാദേശില്‍ ഞങ്ങളുടെ മുന്‍ഗാമികള്‍ ആക്രമണത്തിന് വിധേയരായപ്പോള്‍ ഇവര്‍ എവിടെ ആയിരുന്നു'- എന്നിങ്ങനെയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

'നമ്മുടെ ഭക്ഷണം കഴിച്ചിട്ട്, ഈ പിശാചുക്കള്‍ നമ്മളെ തന്നെ എതിര്‍ക്കുന്നു. സ്വന്തം അച്ഛന്‍ ആര് അമ്മ ആര് എന്ന് അറിയാത്തവരാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മാതാപിതാക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറയുന്നത്.'-ദിലീപ് ഘോഷ് പറയുന്നു. 

ദിലീപ് ഘോഷിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ദിലീപ് ഘോഷിന്റെ പ്രസ്താവനയെ കലാരംഗത്തെ പ്രമുഖ വ്യക്തിത്വമായ ദുലാല്‍ മുഖര്‍ജി അപലപിച്ചു. ബംഗാളില്‍ നിന്ന് കൊണ്ട് ഒരു ബംഗാള്‍  സ്വദേശി ഇത്തരത്തില്‍ പറയുന്നത് ഞെട്ടിക്കുന്നതായി ദുലാല്‍ മുഖര്‍ജി പറഞ്ഞു. 

ദിവസങ്ങള്‍ക്ക്് മുന്‍പ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരങ്ങളെ വിമര്‍ശിച്ച് കൊണ്ടുളള ദിലീപ് ഘോഷിന്റെ വാക്കുകള്‍ വിവാദമായിരുന്നു. പ്രക്ഷോഭകരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും എന്നാണ് ഈ പ്രതിഷേധങ്ങളോട് ദിലീപ് ഘോഷ് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com