കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ തടങ്കലില്‍ വെക്കാം ; ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തി ; പൊലീസിന് പ്രത്യേക അധികാരം നല്‍കി ഉത്തരവ്

ഒരു വ്യക്തി അറസ്റ്റിലായാല്‍ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കാൻ പോലും പൊലീസിന് ബാധ്യതയില്ല
കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ തടങ്കലില്‍ വെക്കാം ; ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തി ; പൊലീസിന് പ്രത്യേക അധികാരം നല്‍കി ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയെ ദേശീയ സുരക്ഷാനിയമത്തിന്റെ പരിധിയിലാക്കി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി. നാളെ മുതല്‍ നിയമം പ്രാബല്യത്തിലാകും. ഏപ്രില്‍ 18 വരെയാണ് നിയമത്തിന് പ്രാബല്യമുണ്ടാകുക.

സുരക്ഷക്കായി ആരെയും കസ്റ്റഡിയില്‍ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ വ്യക്തികളെ തടങ്കലില്‍ വെയ്ക്കാന്‍ പൊലീസിന് അധികാരം നല്‍കുന്നു.  ദേശീയ സുരക്ഷനിയമപ്രകാരമാണ് (National Securtiy Act (NSA), 1980) നിര്‍ദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

കരുതല്‍ തടങ്കലില്‍ ഒരു വ്യക്തിയെ എത്രകാലം വേണമെങ്കിലും വെയ്ക്കാനും നിയമം അധികാരം നല്‍കുന്നു. തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് അഭിഭാഷകന്റെ സേവനവും ലഭിക്കില്ല. ഒരു വ്യക്തി അറസ്റ്റിലായാല്‍ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കണമെന്നുമില്ല. 12 മാസം വരെ കുറ്റം ചുമത്താതിരിക്കാനും പൊലീസിന് അധികാരമുണ്ട്. അറസ്റ്റിലായ വ്യക്തിക്ക്, അത് ചോദ്യം ചെയ്ത് കോടതിയെ സമീപികകാമെങ്കിലും ദേശീയ സുരക്ഷാ നിയമപ്രകാരം അഭിഭാഷകന്റെ സേവനം ലഭ്യമാകില്ല.

ഈ നിയമപ്രകാരം അറസ്റ്റിലായവര്‍ കോടതിയില്‍ സ്വന്തമായി കേസ് വാദിക്കേണ്ട അവസ്ഥ വരും. പാര്‍ലമെിന്റെ ബജറ്റ് സമ്മേളനം ജനുവരി 30 ന് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ നിയമം അടിയന്തരമായി ഇറക്കിയതെന്നാണ് സൂചന. ദേശീയ സുരക്ഷാ നിയമപ്രകാരമാണ്  കശ്മീരില്‍ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബുബ മുഫ്തി തുടങ്ങിയവരെ കരുതല്‍ തടങ്കലിലാക്കിയത്.

അതേസമയം ഡല്‍ഹിയില്‍ ദേശീയ സുരക്ഷാനിയമം ഏര്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഡല്‍ഹി പൊലീസും വിശദീകരിക്കുന്നത്. എല്ലാ മൂന്നുമാസം കൂടുമ്പോഴും സമാനമായ ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ട് എന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത് അസ്വാഭാവിക ഉത്തരവാണെന്നാണ് പ്രമുഖ ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com