'കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാൻ'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നീതി ആയോ​ഗ് അം​ഗം

By സമകാലിക മലയാളം ഡെസ്‌  |   Published: 19th January 2020 09:06 PM  |  

Last Updated: 19th January 2020 09:06 PM  |   A+A-   |  

EOo6F3UUwAA00CK

 

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനെന്ന വിവാദ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് നീതി അയോഗ് അംഗം വികെ സാരസ്വത്. തന്റെ പ്രസ്താവന കശ്മീരിലുള്ളവരെ വേദനിപ്പിച്ചതില്‍ മാപ്പ് ചോദിക്കുന്നുവെന്ന് വികെ സാരസ്വത് വ്യക്തമാക്കി. കശ്മീരികള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭിക്കുന്നതില്‍ തനിക്ക് യാതൊരു എതിരഭിപ്രായവുമില്ലെന്നും തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും സാരസ്വത് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തതിന് പിന്നാലെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്‌ വ്യവസ്ഥയില്‍ വലിയ  പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും ജമ്മു കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനെന്നുമായിരുന്നു വികെ സാരസ്വത്  നേരത്തെ പറഞ്ഞത്. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേയായിരുന്നു അ​ദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

എന്തിനാണ് രാഷ്ട്രീയക്കാര്‍ കശ്മീരിലേക്ക് പോകുന്നത്? ഡൽഹിയിലെ റോഡുകളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അവർക്ക് കശ്മീരിലും പുനഃസൃഷ്ടിക്കണം. അതിനായി അവർ സമൂഹ മാധ്യമങ്ങളിലൂടെ തീ കൊളുത്തുകയാണ്. കശ്മീരില്‍ ഇന്‍റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്നം? ഇന്റർനെറ്റിലൂടെ എന്താണ് അവിടെയുള്ളവർ കാണുന്നത്? വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റർനെറ്റില്‍ ചെയ്യുന്നില്ലെന്നായിരുന്നു സാരസ്വതിന്റെ പ്രസ്താവന.

ഇന്‍റര്‍നെറ്റിന് വിലക്കേർപ്പെടുത്തിയത് കശ്മീരിന്റെ സമ്പദ്‌ വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താന്‍  ശ്രമിച്ചതെന്ന് സാരസ്വത് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ടെലികോം വളരെ പ്രധാനമാണ് എന്നു പറയുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ജമ്മു കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാരസ്വത്.