'മോദിയെ അഭിനന്ദിക്കുകയാണ് വേണ്ടത്; കോണ്‍ഗ്രസുകാര്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2020 12:29 PM  |  

Last Updated: 19th January 2020 12:30 PM  |   A+A-   |  

 

സൂറത്ത്: വന്ദേമാതരം ചൊല്ലാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. രാജ്യത്തെ രണ്ടായി വെട്ടിമുറിച്ചവരുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമമെന്നും 70 വര്‍ഷം മുമ്പ് അത് നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തില്‍ പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

'പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഹിന്ദുക്കളുടെ ജനസംഖ്യയില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. മാത്രവുമല്ല ഈ രാജ്യങ്ങളിലെ ന്യൂനപക്ഷം മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു

പൗരത്വഭേദഗതി നിയമം 70 വര്‍ഷം മുമ്പ് തന്നെ സംഭവിക്കേണ്ടതായിരുന്നു. രാജ്യത്തെ രണ്ടായി വെട്ടിമുറിച്ച നമ്മുടെ പൂര്‍വ്വികരായ നേതാക്കളുടെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി', പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

കോണ്‍ഗ്രസ്സ് ചെയ്ത ആ പാപം തങ്ങള്‍ പരിഹരിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദിയെ നാം അതിന് അഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയാടിസ്ഥാനത്തിലാണ് വിഭജനം നടന്നതെന്നും അത് ഒഴിവാക്കാന്‍ ആവുന്നതായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സൗജന്യ വൈദ്യുതിയും വെള്ളവും കൊണ്ടുമാത്രം രാജ്യം വികസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.