ഡല്‍ഹി തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, ഒപ്പം മത്സരിക്കാനില്ലെന്ന് സഖ്യകക്ഷി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് സഖ്യകക്ഷി അകാലിദള്‍.
ഡല്‍ഹി തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, ഒപ്പം മത്സരിക്കാനില്ലെന്ന് സഖ്യകക്ഷി


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് സഖ്യകക്ഷി അകാലിദള്‍. പൗരത്വ നിയമവുമായി ബന്ധപ്പെട്ട നിലപാടുകാരണമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കാത്തതെന്ന്  പാര്‍ട്ടി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. 

'ഞങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍, നിയമത്തില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നതിനോട് എതിര്‍പ്പാണ്. മതത്തിന്റെ പേരില്‍ ആരെയെങ്കിലും ഒഴിവാക്കുന്നത് തെറ്റാണ്. ബിജെപിയുമായി ഏറെക്കാലമായി സഖ്യത്തിലുണ്ട്. എന്നാല്‍, പൗരത്വ നിയമത്തില്‍ ഞങ്ങള്‍ നിലപാട് എടുത്തത് മുതല്‍ ബിജെപി തുടര്‍ച്ചയായി ഞങ്ങളോട് നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയാണ്. നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും'- സിര്‍സ പറഞ്ഞു. 

മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ വ്യക്തമായ നിലപാട്. ഈ നിലപാട് മാറ്റുന്നതിനെക്കാള്‍ ഭേദം തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കാതിരിക്കുകയാണ്. രാജ്യം എല്ലാവരുടെയുമാണ്. പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കരുതെന്നും സിര്‍സ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ചിഹ്നത്തെ സംബന്ധിച്ചും നേരത്തെ അകാലി ദളും ബിജെപിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. അകാലി ദളിന്റെ ത്രാസ് ചിഹ്നത്തിന് പകരം താമര അടയാളത്തില്‍ മത്സരിക്കണമെന്ന ബിജെപി നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com