തീവ്രവാദ രാഷ്ട്രീയം പാടില്ല, ഒരു നിയമവും പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബിജെപി നേതാവ്

നമ്മുടെ കര്‍ത്തവ്യം നമ്മുടെ നിലപാടാണ് ശരിയെന്നും, പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ തെറ്റാണെന്നും ജനങ്ങളോട് വിശദീകരിക്കലാണ്
തീവ്രവാദ രാഷ്ട്രീയം പാടില്ല, ഒരു നിയമവും പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത : ജനാധിപത്യ രാജ്യത്ത് നിയമങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് ബിജെപി പശ്ചിമബംഗാള്‍ വൈസ് പ്രസിഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്രകുമാര്‍ ബോസ്. അംഗബലം കൂടുതലുണ്ട് എന്നു കരുതി തീവ്രവാദ രാഷ്ട്രീയം കളിക്കരുതെന്നും ബോസ് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ബോസിന്റെ പ്രതികരണം.

നമ്മുടെ കര്‍ത്തവ്യം നമ്മുടെ നിലപാടാണ് ശരിയെന്നും, പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ തെറ്റാണെന്നും ജനങ്ങളോട് വിശദീകരിക്കലാണ്. അവരെ അധിക്ഷേപിക്കരുത്. നമുക്ക് അംഗബലമുണ്ടെന്ന് കരുതി തീവ്രവാദ രാഷ്ട്രീയത്തിന് മുതിരരുത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി, പൗരത്വ നിയമഭേദഗതിയുടെ ഗുണവശങ്ങള്‍ വിശദീകരിക്കുകയാണ് വേണ്ടത്.

ഒരിക്കല്‍ ബില്‍ പാര്‍ലമെന്റ് പാസ്സാക്കി നിയമമായാല്‍ അത് നിയമപരമായി സംസ്ഥാനങ്ങള്‍ക്ക് ബാധകമാണ്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് നിയമങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്. പൗരത്വ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയാല്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധപ്രചാരണങ്ങള്‍ തകര്‍ക്കാനാകുമെന്നും ബോസ് പറഞ്ഞു.

പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്ന് വ്യക്തമാക്കണം. എന്നാല്‍ നിയമത്തില്‍ ഒരു മതങ്ങളെയും പരാമര്‍ശിക്കരുത്. നമ്മുടെ സമീപനം വ്യത്യസ്തമാകണം. ചന്ദ്രകുമാര്‍ ബോസ് അഭിപ്രായപ്പെട്ടു. നിര്‍ദ്ദിഷ്ട പൗരത്വ നിയമഭേദഗതിയെ ബോസ് നേരത്തെയും എതിര്‍ത്ത് രംഗത്തുവന്നിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമബംഗാളില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. നിയമം ഒരു കാരണവശാലും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും നിയമത്തിനെതിരെ പ്രതിഷേധവുമായി സമരരംഗത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com