പവന്‍ ഗുപ്തയ്ക്കു തൂക്കുകയര്‍ തന്നെ; പ്രായപൂര്‍ത്തിയായില്ലെന്ന ഹര്‍ജി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2020 03:20 PM  |  

Last Updated: 20th January 2020 03:31 PM  |   A+A-   |  

pawan_gupta2

 

ന്യൂഡല്‍ഹി: തന്നെ ബാലനീതി നിയമപ്രകാരം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യം ചെയ്യുമ്പോള്‍ തനിക്കു പതിനെട്ടു വയസു പൂര്‍ത്തിയായിരുന്നില്ലെന്ന് അവകാശപ്പെട്ടാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. 

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെയാണ്, പവന്‍ ഗുപ്ത ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. പതിനെട്ടു വയസു പൂര്‍ത്തിയാവാതിരുന്ന തന്നെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ആയിരുന്നു വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു ഹര്‍ജിയിലെ വാദം. ഇക്കാര്യം നേരത്തെ കോടതി പരിഗണിച്ചു തള്ളിയതാണെന്ന്, ഹര്‍ജി നിരസിച്ചുകൊണ്ട് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ ഇക്കാര്യം വീണ്ടും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യം നടക്കുമ്പോള്‍ പവന്‍ ഗുപ്തയ്ക്ക് പതിനെട്ടു വയസു പൂര്‍ത്തിയായിരുന്നില്ലെന്നായിരുന്നു, അഭിഭാഷകന്‍ എപി സിങ്ങിന്റെ വാദം. പ്രായം സംബന്ധിച്ച വസ്തുത പൊലീസ് മറച്ചുവയ്ക്കുകയായിരുന്നു. ഇതു പരിഗണിക്കാതെ, നീതിപൂര്‍വകമല്ലാത്ത വിചാരണയാണ് നടന്നത്. സുതാര്യമായ നീതിനടത്തിപ്പിന്റെ പ്രശ്‌നമാണ് ഇതെന്ന് സിങ് വാദിച്ചു. 

പവന്‍ ഗുപ്തയുടെ പ്രായം സംബന്ധിച്ച വാദം നേരത്തെ സുപ്രീം കോടതി കേസ് പരിഗണിച്ച ഘട്ടത്തിലും ഉന്നയിക്കപ്പെട്ടതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനോടു യോജിച്ച ജസ്റ്റിസ് അശോക് ഭൂഷണ്‍ ഒരേ കാര്യം തന്നെ വീണ്ടും ഉന്നയിക്കുന്നതുകൊണ്ട എന്തുകാര്യം എന്ന് അഭിഭാഷകനോട് ആരാഞ്ഞു. ഇത് അനുവദിച്ചാല്‍ കേസിന് അന്ത്യമുണ്ടാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഒരേ കാര്യം തന്നെയാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ഭാനുമതി ചൂണ്ടിക്കാട്ടി. കോടതികള്‍ പരിഗണിച്ചു തള്ളിയ വിഷയമാണിത്. കേസിലെ ഒരു പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് വിചാരണ ചെയ്തത്. പവന്‍ ഗുപ്തയുടെ ഹര്‍ജി അന്നു പരിഗണിച്ചു തള്ളുകയായിരുന്നുവെന്ന് കോടതി ഓര്‍മിപ്പിച്ചു. പവന്‍ ഗുപ്തയ്ക്കു വേണ്ടി അന്നു അഭിഭാഷകന്‍ ഹാജരായിരുന്നില്ലെന്ന് എപി സിങ് പ്രതികരിച്ചു.

പവന്‍ ഗുപ്തയുടെ പ്രായം കോടതിയില്‍നിന്നു മറച്ചുവയ്ക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്ന് എപി സിങ് വാദിച്ചു. ഗുപ്തയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് സിങ് കോടതിയില്‍ ഹാജരാക്കി. 2017 ഫെബ്രുവരിയില്‍ വാങ്ങിയ സര്‍ട്ടിഫിക്കറ്റ് ആണ് ഇതെന്ന് കോടതി പറഞ്ഞു. ശിക്ഷിക്കപ്പെട്ടതിനു ശേഷം സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ജനന സര്‍ട്ടിഫിക്കറ്റ് ആണ് പ്രായം തെളിയിക്കുന്നതിനുള്ള നിയമപ്രകാരമുള്ള ആധികാരിക രേഖയെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പക്ഷമാണ് മറ്റു രേഖകള്‍ പരിഗണിക്കുക. ഗുപ്തയുടെ പ്രായം കണക്കാക്കിയതു സംബന്ധിച്ച് വിചാരണഘട്ടത്തില്‍ തര്‍ക്കമില്ലായിരുന്നുവെന്ന്, വിചാരണക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രതികളുടെ മാതാപിതാക്കളും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.