മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനം : ബ്രിജേഷ് താക്കൂര്‍ അടക്കം 19 പേര്‍ കുറ്റക്കാരെന്ന് കോടതി ; ശിക്ഷ 28 ന്

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഈ മാസം 28 ന് വിധിക്കും
മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം പീഡനം : ബ്രിജേഷ് താക്കൂര്‍ അടക്കം 19 പേര്‍ കുറ്റക്കാരെന്ന് കോടതി ; ശിക്ഷ 28 ന്

ന്യൂഡല്‍ഹി : മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ ബ്രിജേഷ് താക്കൂര്‍ കുറ്റക്കാരനെന്ന് കോടതി. സ്ഥാപനം നടത്തിപ്പുകാരനായ ബ്രിജേഷ് അടക്കം 19 പേര്‍ കേസില്‍ കുറ്റക്കാരാണെന്നാണ് ഡല്‍ഹി കോടതി വിധിച്ചു. കേസില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

മുഹമ്മദ് സാഹില്‍ എന്ന വിക്കിയെയാണ് തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ കോടതി വെറുതെ വിട്ടത്.കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ കോടതി ഈ മാസം 28 ന് വിധിക്കും. ക്രിമിനല്‍ ഗൂഡാലോചന, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്യല്‍, ലൈംഗിക അതിക്രമത്തിന് വിധേയമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജേഷ് താക്കൂര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കേസില്‍ എട്ടു സ്ത്രീകളും 12 പുരുഷന്മാരുമാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസില്‍ സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്ന പ്രതി ബ്രിജേഷ് താക്കൂറിന്റെ വാദം ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠ കഴിഞ്ഞദിവസം തള്ളിക്കളഞ്ഞിരുന്നു.

ബിഹാറിലെ മുസഫര്‍പൂരില്‍ സേവ സങ്കല്‍പ്പ് ഏവം വികാസ് സമിതി എന്ന സന്നദ്ധ സംഘടന നടത്തിയ ഷെല്‍ട്ടര്‍ ഹോമിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച ലൈംഗിക പീഡനം അരങ്ങേറിയത്. ഹോമിലെ 30 ഓളം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പിഡനത്തിന് ഇരയായത്.

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സ്ഥാപനം നടത്തിവന്ന ബ്രിജേഷ് താക്കൂറും അനുയായികളും ചേര്‍ന്ന് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com