അവസാന ദിനത്തില്‍ പത്രിക സമര്‍പ്പിക്കാന്‍ അപ്രതീക്ഷിത തിരക്ക്: നാല്‍പ്പത്തിയഞ്ചാമത്തെ ടോക്കണ്‍; ക്യൂ നിന്ന് കെജരിവാള്‍, ഗൂഢാലോചനയെന്ന് എഎപി

By സമകാലിക മലയാളം ഡെസ്‌  |   Published: 21st January 2020 04:59 PM  |  

Last Updated: 21st January 2020 04:59 PM  |   A+A-   |  

kejariwal

പത്രിക സമര്‍പ്പിക്കാന്‍ എത്തിയ അരവിന്ദ് കെജരിവാള്‍/ചിത്രം: പിടിഐ

 

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കാത്തുനില്‍ക്കുന്നത് മണിക്കൂറുകളോളം. പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിനമായ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടതാണ് കെജരിവാളിന് കാത്തുനില്‍ക്കേണ്ട അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. നാല്‍പ്പത്തിയഞ്ചാം നമ്പര്‍ ടോക്കണാണ് കെജരിവാളിന് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.

100 പേരാണ് പത്രിക സമര്‍പ്പിക്കാനായി ഡല്‍ഹി ജാമ്‌നഗര്‍ ഹൗസില്‍ എത്തിയിരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയവരുടെ ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ളില്‍ ഓഫീസിലെത്തിയ എല്ലാവര്‍ക്കും പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

'നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനായി കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ നമ്പര്‍ 45 ആണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ജനാധിപത്യപരമായ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധിപേര്‍ എത്തുന്നതില്‍ സന്തോഷമുണ്ട്'-കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.


അസാധാരണമായ വിധത്തില്‍ ക്യൂ രൂപപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെന്ന പേരില്‍ ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്ന മിക്കവരുടെയും കൈയ്യില്‍ പത്രികയോ മറ്റു രേഖകളോ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

പത്രിക നല്‍കാനെത്തിയ കെജരിവാളിനെ ഉള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് ക്യൂവില്‍ സ്ഥാനംപിടിച്ചിട്ടുള്ള സ്ഥാനാര്‍ഥികളിലൊരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പത്രിക സമര്‍പ്പിക്കണമെങ്കില്‍ വരിനില്‍ക്കേണ്ടിവരുമെന്നും ഇദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു കെജരിവാള്‍ നാമിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നത്. ജനപങ്കാളിത്തം കാരണം പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടുപോയതോടെ പത്രികാ സമര്‍പ്പണം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.