ക്യൂവില്‍ നിന്നത് ആറര മണിക്കൂര്‍; ഒടുക്കം കെജരിവാള്‍ പത്രിക സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 21st January 2020 08:04 PM  |  

Last Updated: 21st January 2020 08:06 PM  |   A+A-   |  


ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച ആറര മണിക്കൂറോളം കാത്തുനിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പത്രിക നല്‍കി. ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഇത്തവണയും ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഓഫിസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുള്‍പ്പെടെ എത്തിയതിനാലാണു മുഖ്യമന്ത്രി നീണ്ട ക്യൂവിന്റെ ഭാഗമായത്. റോഡ് ഷോ വൈകിയതിനാല്‍ തിങ്കളാഴ്ച കെജരിവാളിന് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചിരുന്നില്ല.

അവസാന ദിനമായ ഇന്ന് നൂറോളം സ്ഥാനാര്‍ഥികളാണു പത്രികകളുമായി എത്തിയത്. ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി കുറഞ്ഞത് 50 സ്ഥാനാര്‍ഥികളെങ്കിലും എത്തിയെന്നാണു വിവരം. 45–ാം നമ്പര്‍ ടോക്കണായിരുന്നു കെജരിവാളിന്റേത്. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ ഏറെ പേര്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നു കേജ്‌രിവാള്‍ പ്രതികരിച്ചു.

മൂന്നു മണിക്കു മുന്‍പായി ഓഫിസില്‍ എത്തുന്ന എല്ലാവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ പ്രതികരിച്ചു. കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു തടയാന്‍ ബിജെപി പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ചിലപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തടസ്സപ്പെടുത്താനാകും എന്നാല്‍ എന്നെ തടയാന്‍ നിങ്ങള്‍ക്കാവില്ലെന്ന് ബിജെപിക്കെതിരെ വിമര്‍ശനവുമായി കെജ് രിവാള്‍ രംഗത്തെത്തി. അവസാന ദിവസം പത്രിക നല്‍കാനെത്തിയവരില്‍ പലരും കെജ്‌രിവാളിനെതിരെ വിമര്‍ശനമുയര്‍ത്തിയതു ശ്രദ്ധേയമായി. 

കെജ്‌രിവാളും തങ്ങളെപ്പോലെ ക്യൂവില്‍നിന്നേ തീരൂവെന്നു പത്രിക സമര്‍പ്പിക്കാനെത്തിയ ഒരാള്‍ പറഞ്ഞു. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പരിപാടിയുടെ ഭാഗമായിരുന്നപ്പോള്‍ കെജരിവാള്‍ തന്നെ ചതിച്ചതായും ഇയാള്‍ ആരോപിച്ചു. ഫെബ്രുവരി എട്ടിനാണു ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മൂന്ന് ദിവസത്തിനു ശേഷം വോട്ടെണ്ണല്‍.