പെരിയാറിനെതിരെയുളള ആ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു, മാപ്പുപറയില്ല; പ്രതിഷേധങ്ങളെ വകവെയ്ക്കാതെ രജനീകാന്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 12:07 PM  |  

Last Updated: 21st January 2020 12:07 PM  |   A+A-   |  

 

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ നേതാവായിരുന്ന പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം ഉയരവേ, താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പുപറയില്ലെന്നും നടന്‍ രജനീകാന്ത്. താന്‍ വായിച്ച ന്യൂസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെതിരെ പരാമര്‍ശം നടത്തിയതെന്നും രജനീകാന്ത് പറഞ്ഞു. പെരിയാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ദ്രാവിഡര്‍ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ വാക്കുകള്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് രജനീകാന്ത് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ പെരിയാറിനെതിരെയുളള വാക്കുകളില്‍ മാപ്പുപറയണമെന്ന ഡിവികെയുടെ ആവശ്യം തളളിയാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. 'പെരിയാറിനെതിരെയുളള വാക്കുകളില്‍ ഞാന്‍ മാപ്പുപറയില്ല. അന്നത്തെ ന്യൂസ് റിപ്പോര്‍ട്ടുകള്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവര്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്. ഈ സംഭവം മറക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ നിഷേധിക്കാന്‍ സാധിക്കില്ല'- രജനീകാന്ത് പറഞ്ഞു.

തുഗ്ലക്കിന്റെ 50-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ വിമര്‍ശിച്ചത്. 1971ല്‍ സേലത്ത് വച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പെരിയാര്‍ നടത്തിയ റാലിയുമായി ബന്ധപ്പെട്ടായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍. ചന്ദനത്തിന്റെ മാല അണിഞ്ഞ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച റാലിയെ സംബന്ധിച്ച് ഒരു വാര്‍ത്താമാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശമാണ് വിവാദമായത്. 


തുഗ്ലക്കിന്റെ സ്ഥാപകനായ ചോ രാമസ്വാമി മാത്രമാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതും വിമര്‍ശിച്ചതെന്നും രജനീകാന്ത് സൂചിപ്പിച്ചു. അന്ന് എം കരുണാനിധിയുടെ നേതൃത്വത്തിലുളള സര്‍ക്കാരാണ് തമിഴ്‌നാട് ഭരിച്ചിരുന്നത്. തുഗ്ലക്ക് മാസികയുടെ കോപ്പികള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. എന്നിട്ടും ഇവ റീപ്രിന്റ് ചെയ്ത് ചോ രാമസ്വാമി പ്രസിദ്ധീകരിക്കുകയും കോപ്പികള്‍ വില്‍ക്കുകയും ചെയ്തു. ഇത് ചൂടപ്പം പോലെയാണ് അന്ന് വിറ്റുപോയതെന്നും രജനീകാന്ത് പറഞ്ഞു.

രജനീകാന്തിനെതിരെ തമിഴ്‌നാട്ടില്‍ ദ്രാവിഡര്‍ വിടുതുലെ കഴകത്തിന്റെ  നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. രജനീകാന്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്. മാപ്പുപറഞ്ഞില്ലായെങ്കില്‍ പുതിയ ചിത്രമായ ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധിക്കുമെന്നും സംഘടന ഭീഷണിമുഴക്കിയിട്ടുണ്ട്.