ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടി; ഭര്‍ത്താവ് ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 21st January 2020 05:40 PM  |  

Last Updated: 21st January 2020 05:40 PM  |   A+A-   |  

crime

 

മുംബൈ: അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27കാരന്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിച്ചായിരുന്നു മര്‍ദ്ദനം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; പുലര്‍ച്ചെ നാലുമണിയോടെ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ഇയാള്‍ കല്ലുകൊണ്ട് തല്ലുകയായിരുന്നു. മദ്യപിച്ചെത്തിയ ഇയാള്‍ യുവതിക്ക് മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് വഴക്കിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. പൂനെയിലെ കാലേവാഡി എന്ന സ്ഥലത്താണ് 27 കാരനായ ഭര്‍ത്താവും 22 കാരിയായ ഭാര്യയും താമസിച്ചിരുന്നത്.

ആക്രമണത്തില്‍ ഭാര്യയ്ക്ക് ഗുരുതരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്കും കൈക്കും കഴുത്തിനുമാണ് പരിക്കുകള്‍. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഭര്‍ത്താവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അയല്‍ക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകശ്രമം,  ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍  പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.