റോഡില്‍ നില്‍ക്കുമ്പോള്‍ കാര്‍ ഇടിച്ചുതെറിപ്പിച്ചു; മരിക്കും മുന്‍പ് യുവതി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളുടെ ആരോപണം, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 12:49 PM  |  

Last Updated: 21st January 2020 12:49 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: യമുന എക്‌സ്പ്രസ്സ് ഹൈവേയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായും രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമണം നടത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. 

വെള്ളിയാഴ്ചയാണ് കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് നില വഷളായതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗം, കൊലപാതകം എന്നി കുറ്റങ്ങള്‍ ചുമത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നോയ്ഡയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം മഥുരയ്ക്ക് പോയി തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്. 

മഥുര യാത്രയെകുറിച്ച് യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. രണ്ട് ബൈക്കുകളിലായാണ് നാല് പേരും കൂടി മഥുരയിലേക്ക് പോയത്. നവ്ജില്ലില്‍ ടോള്‍പ്ലാസയില്‍ വെച്ച് ശുചിമുറിയില്‍ പോവാനായി സുഹൃത്തിനോട് വണ്ടി നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. റോഡില്‍ നില്‍ക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന കാര്‍ ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. മറ്റ് രണ്ട് പേര്‍ അപകട സ്ഥലത്ത് നിന്ന് അകലെയായിരുന്നു. 

ഉടന്‍ തന്നെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലെ ജിബിടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 
പിന്നീട് ശനിയാഴ്ചയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.