സ്പീക്കറും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗം; അയോഗ്യതയില്‍ തീരുമാനമെടുക്കാനുള്ള  അധികാരം പുനപ്പരിശോധിക്കണം: സുപ്രീം കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2020 12:23 PM  |  

Last Updated: 21st January 2020 12:23 PM  |   A+A-   |  

SupremeCourtofIndia

 

ന്യൂഡല്‍ഹി: നിയമ നിര്‍മാണ സഭകളിലെ അംഗങ്ങളെ അയോഗ്യരാക്കണമെന്ന പരാതികളില്‍ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരം പാര്‍ലമെന്റ് പുനപ്പരിശോധിക്കണമെന്ന് സുപ്രീം കോടതി. സ്പീക്കറും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണെന്നു നിരീക്ഷിച്ചുകൊണ്ടാണ്, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം.

കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപിയിലേക്കു ചേക്കേറിയ അംഗത്തെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ മണിപ്പുര്‍ നിയമസഭാ സ്പീക്കര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശ്യാംകുമാര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായിരുന്നു. ശ്യാംകുമാറിനെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കി. എന്നാല്‍ സ്പീക്കര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

അംഗങ്ങളെ അയോഗ്യരാക്കണമെന്ന പരാതികളില്‍ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരം പാര്‍ലമെന്റ് പുനപ്പരിശോധിക്കണമെന്ന് ബെഞ്ച് വിധിയില്‍ പറഞ്ഞു. സ്പീക്കറും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണ്. അതുകൊണ്ടുതന്നെ അയോഗ്യതാ പരാതികളില്‍ തീരുമാനമെടുക്കാന്‍ സ്വതന്ത്ര സംവിധാനം ഉണ്ടാവണം- കോടതി നിരീക്ഷിച്ചു.

മണിപ്പുര്‍ സ്പീക്കര്‍ നാലാഴ്ചയ്ക്കം തീരുമാനമെടുത്തില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.