അംബേദ്കര്‍  സര്‍വകലാശാലയിലെത്തിയ പ്രകാശ് കാരാട്ടിനെ തടഞ്ഞു; ഗേറ്റിന് പുറത്തുനിന്ന് വിദ്യാര്‍ഥികളുമായി സംവദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 10:02 PM  |  

Last Updated: 22nd January 2020 10:02 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ഡല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച സംവാദത്തിനെത്തിയ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് ക്യാമ്പസില്‍ കയറാന്‍ അനുമതി നിഷേധിച്ചു.

കശ്മീരിഗേറ്റ് ക്യാമ്പസിന്റെ പൂട്ടിയിട്ട ഗേറ്റിനുമുന്നില്‍നിന്ന് കാരാട്ട് വിദ്യാര്‍ഥികളുമായി സംവദിച്ചു.  ക്യാമ്പസില്‍ ഗേറ്റിന്റെ മറുപുറത്തിരുന്ന് വിദ്യാര്‍ഥികളും അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡല്‍ഹി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് അധികൃതര്‍ അനുമതി നിഷേധിച്ചതെന്ന് എസ്എഫ്‌ഐ പറഞ്ഞു.

പൗരത്വഭേദഗതി നിയമം നേരിട്ട് ആക്രമിക്കുന്ന മതവിഭാഗം മാത്രം പ്രതിഷേധിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് വിദ്യാര്‍ഥി സമൂഹം തകര്‍ത്തതെന്ന് കാരാട്ട് പറഞ്ഞു. മതേതര റിപ്പബ്ലിക്കായ രാജ്യത്തെ സംരക്ഷിക്കാനായി ശക്തമായ ചെറുത്തുനില്‍പ്പാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്.

സിഎഎ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരുകളെല്ലാം എന്‍പിആര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണം. ട്രേഡ് യൂണിയന്‍ സമരങ്ങളില്‍ ഗേറ്റുകള്‍ക്കു മുന്നില്‍ നടത്തിയ യോഗങ്ങളാണ് ഓര്‍മ്മയിലെത്തുന്നതെന്നും കാരാട്ട് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അര്‍ഫ ഖനും ഷെര്‍വാണി, സര്‍വകലാശാല അധ്യാപിക ഡോ. പ്രിയങ്ക ഝാ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.