കൊച്ചി അടക്കം ഏഴു വിമാനത്താവളങ്ങളില്‍ തെര്‍മോഗ്രാഫിക് ക്യാമറകള്‍ ; കര്‍ശന നിരീക്ഷണം ; കൊറോണ വൈറസ് തടയാന്‍ നടപടിയുമായി വ്യോമയാനമന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 03:01 PM  |  

Last Updated: 22nd January 2020 03:07 PM  |   A+A-   |  

 

ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറമേ അമേരിക്കയിലും സ്ഥിരീകരിച്ചതോടെ ജാഗ്രത കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ യാത്രക്കാരെ നിരീക്ഷിക്കാനായി കേന്ദ്ര വ്യോമയാനമന്ത്രാലയം തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിക്കുന്നു. കൊറോണ വൈറസ് ബാധിതരായ യാത്രക്കാരെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് നീക്കം.

കൊച്ചിക്ക് പുറമേ, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ഉടനടി തെര്‍മോഗ്രാഫിക് ക്യാമറ സ്ഥാപിക്കാന്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ രാജ്യത്തേക്ക് പടരുന്നത് തടയുക ലക്ഷ്യമിട്ട് വിമാനത്താവളങ്ങള്‍ക്കും, എയര്‍ലൈന്‍സുകള്‍ക്കും വ്യോമയാനമന്ത്രാലയം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ താപ പരിശോധന നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇറങ്ങുന്നതിന് മുന്‍പ് ഒരു 'സ്വയം റിപ്പോര്‍ട്ടിംഗ് ഫോം' പൂരിപ്പിക്കണം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പനിയോ, ചുമയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായിട്ടുണ്ടോ എന്നാണ് രേഖപ്പെടുത്തേണ്ടത്. മറ്റു രാജ്യങ്ങളില്‍ പോയി മടങ്ങുന്നവരില്‍ രോഗബാധിതരുണ്ടോ എന്നറിയാനാണ് തെര്‍മോഗ്രാഫിക് ക്യാമറ ശ്രമിക്കുക. ശരീര താപം തിട്ടപ്പെടുത്തിയാണ് ക്യാമറ രോഗബാധിതരെ കണ്ടെത്തുന്നത്. അങ്ങനെ കണ്ടെത്തുന്നവരെ പ്രത്യേകം മാറ്റി നിറുത്തി ചികിത്സ നല്‍കാനാണ് തീരുമാനം. സമാനമായ തെര്‍മല്‍ ക്യാമറ സൗദി അറേബ്യയും കുവൈത്തും നേരത്തെ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചാണ് തെര്‍മോഗ്രാഫിക് ക്യാമറകള്‍ ചിത്രങ്ങളെടുക്കുന്നത്. സാധാരണ ക്യാമറ കണ്ണിനു കാണാവുന്ന (400-700 നാനോ മീറ്റര്‍ റെയ്ഞ്ചിലുള്ള) പ്രകാശമാണ് ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ തെര്‍മല്‍ ക്യാമറകള്‍ 14,000 നാനോമീറ്റര്‍ വരെയുള്ള വേവ്‌ലെങ്ങ്തുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം ക്യാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കൂടുതലും ഏകവര്‍ണ്ണത്തിലുള്ളതായിരിക്കും (monochromatic).രാത്രിയിലും ഇവയുടെ പ്രവര്‍ത്തനം സാധ്യമാണെന്നതാണ് സാധാരണ ക്യാമറകളെ അപേക്ഷിച്ച് ഇവയുടെ പ്രവര്‍ത്തനത്തിലുള്ള മറ്റൊരു സവിശേഷത.