ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ 'താരപ്രചാരക'രായി പിസി ചാക്കോയും ശശി തരൂരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 10:38 AM  |  

Last Updated: 22nd January 2020 10:38 AM  |   A+A-   |  

CHCKO_THAROOR

 


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള, കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാംപയ്‌നര്‍ പട്ടികയില്‍ കേരളത്തില്‍നിന്ന് പിസി ചാക്കോയും ശശി തരൂരും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ നാല്‍പ്പതു താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുള്ളത്.

സോണിയയ്ക്കും രാഹുലിനും പുറമേ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആണ് പട്ടികയിലെ പ്രമുഖന്‍. പ്രിയങ്ക ഗാന്ധി, ഗുലാംനബിആസാദ് എന്നിവര്‍ക്കു പിന്നില്‍ ആറാമനായാണ് പിസി ചാക്കോ സ്റ്റാര്‍ കാംപയ്‌നറുടെ നിരയില്‍ ഇടം പിടിച്ചത്. മുന്‍ എംപിയായ പിസി ചാക്കോ ഡല്‍ഹിയുടെ ചുമതലയുള്ള നേതാവാണ്.

ചാക്കോയ്ക്കു പുറമേ ശശി തരൂര്‍ മാത്രമാണ് കേരളത്തില്‍നിന്ന് പട്ടികയില്‍ ഉള്ളത്. തിരുവനന്തപുരം എംപിയായ ശശി തരൂര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണണത്തില്‍ മുന്‍പന്തിയിലുള്ള നേതാവാണ്.

പഞ്ചാബ്  മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി എന്നിവര്‍ ഡല്‍ഹിയില്‍ പ്രചാരണത്തിനെത്തും. സിനിമയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയ നഗ്മ, ഖുശ്ബു എന്നിവരും ഡല്‍ഹി പ്രചാരണത്തില്‍ സജീവമാവും.