നിയമസഭാ തെരഞ്ഞെടുപ്പ് : ഡല്‍ഹി ബിജെപിയുടെ ചുമതല വി മുരളീധരന് ; തലസ്ഥാനത്ത് പോരാട്ടം കേരള നേതാക്കള്‍ തമ്മില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 09:57 AM  |  

Last Updated: 22nd January 2020 09:57 AM  |   A+A-   |  

v-muraleedharan


 

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെ, ബിജെപി ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നല്‍കി. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മല്‍സരരംഗത്തിറങ്ങുന്നത്. അമിത് ഷായില്‍ നിന്നും ജെ പി നഡ്ഡ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഡല്‍ഹിയിലേത്.

അതേസമയം കോണ്‍ഗ്രസില്‍ ഡല്‍ഹിയുടെ ചുമതല കേരളത്തില്‍ നിന്നുള്ള നേതാവായ പി സി ചാക്കോയ്ക്കാണ്.  നേരത്തെ ചാക്കോയ്‌ക്കെതിരെ ഡല്‍ഹിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചാക്കോയില്‍ നിന്നും ഡല്‍ഹി സംസ്ഥാനത്തിന്റെ ചുമതല മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചാക്കോയില്‍ എഐസിസി നേതൃത്വം വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. എഎപിയുടെ കുതിപ്പില്‍ കോണ്‍ഗ്രസും ബിജെപിയും നിഷ്പ്രഭരായി. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൂടെ കോണ്‍ഗ്രസും ബിജെപിയും നില മെച്ചപ്പെടുത്തുകയായിരുന്നു. പൗരത്വ നിയമം അടക്കം കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാന്‍ മികച്ച സാധ്യത നല്‍കുന്നുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.