പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ  പന്ത്രണ്ടാം ക്ലാസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍, 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; 18 പേജുളള ആത്മഹത്യാ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌  |   Published: 22nd January 2020 11:07 AM  |  

Last Updated: 22nd January 2020 11:07 AM  |   A+A-   |  

 

മുംബൈ:  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ പന്ത്രണ്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് 14 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഹോസ്റ്റലില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മഹാരാഷ്ട്രയിലെ ചന്ദ്രപൂറിലാണ് സംഭവം. ജനുവരി 18നാണ് സേവാദള്‍ ഹോസ്റ്റല്‍ മുറിയില്‍ പന്ത്രണ്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 18 പേജുളള ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. സഹപാഠികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതില്‍ മനംനൊന്താണ് ആണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

ആത്മഹത്യാ കുറിപ്പില്‍ സഹപാഠികളുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ വാച്ചുമാനെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ,പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.