പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ രാത്രിയില്‍ അപ്രതീക്ഷിത പ്രതിഷേധം ; കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി ഇന്നില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 07:50 AM  |  

Last Updated: 22nd January 2020 08:36 AM  |   A+A-   |  


 

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം. അമ്പതോളം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുപ്രീംകോടതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഡല്‍ഹി റാണിഗാര്‍ഡില്‍ നിന്നുള്ള പ്രതിഷേധക്കാരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം  അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുപ്രീംകോടതിയുടെ സുരക്ഷ ശക്തമാക്കി.

അതിനിടെ, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ഹര്‍ജികള്‍ പരിഗണിക്കുക.  പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് 144 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്.

നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത. ഹര്‍ജിക്ക് ഇനിയും കോടതിയുടെ രജിസ്ട്രിയില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടില്ല. നമ്പര്‍ ലഭിച്ചാല്‍ തന്നെ, സര്‍ക്കാരിന്റെ ഹര്‍ജി സാധാരണഗതിയില്‍ ഇന്നു പിഗണിക്കാനുള്ളവയും ഗണത്തില്‍ പെടുത്താനാവില്ലെന്ന പ്രശ്‌നവുമുണ്ട്.

പൗരത്വ നിയമത്തിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും സംഘടനകളും ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം റിട്ട് ഹര്‍ജിയാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ നല്‍കിയത് 131-ാം വകുപ്പ് പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണ്. സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള തര്‍ക്കത്തില്‍ ആദ്യവ്യവഹാരം (ഒര്‍ജിനല്‍ സ്യൂട്ട്) നേരിട്ട് പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് അധികാരം നല്‍കുന്നതാണ് 131-ാം വകുപ്പ്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും കോടതിയിലെത്തും.