ബലാത്സംഗ കേസില്‍ പ്രതിയായ നിത്യാനന്ദയ്ക്ക് ഇന്റര്‍പോളിന്റെ നോട്ടീസ്; നാടുവിട്ട ആള്‍ദൈവത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യം

ബലാത്സംഗ കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഇന്റര്‍പോളിന്റെ നോട്ടീസ്
ബലാത്സംഗ കേസില്‍ പ്രതിയായ നിത്യാനന്ദയ്ക്ക് ഇന്റര്‍പോളിന്റെ നോട്ടീസ്; നാടുവിട്ട ആള്‍ദൈവത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യം

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഇന്റര്‍പോളിന്റെ നോട്ടീസ്. കഴിഞ്ഞ വര്‍ഷം നാടുവിട്ട 41കാരനായ നിത്യാനന്ദയെ കണ്ടെത്തുന്നതിന് സഹായിക്കാന്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് കൊണ്ടുളളതാണ് നോട്ടീസ്. നിത്യാനന്ദയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണമെന്ന് ആവശ്യപ്പെടുന്ന ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചത്. ഗുജറാത്ത് പൊലീസാണ് നിത്യാനന്ദയെ കണ്ടെത്തുന്നതിന് വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടിയത്.

അഹമ്മദാബാദിലെ ആശ്രമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുവന്നു തടവില്‍ പാര്‍പ്പിച്ച കേസില്‍ ഗുജറാത്ത്, കര്‍ണാടക പൊലീസ് അന്വേഷിക്കുന്ന വ്യക്തിയാണ് നിത്യാനന്ദ. സംഭാവന സ്വീകരിക്കുന്നതിന് ഇയാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസിനാധാരം. ആശ്രമത്തില്‍ നിന്ന് രണ്ടു കുട്ടികളെ കാണാതായ സംഭവത്തിലും നിത്യാനന്ദയ്ക്ക് എതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

2010ല്‍ ഹിമാചല്‍ പ്രദേശില്‍ വച്ച് നിത്യാനന്ദ അറസ്റ്റിലായിട്ടുണ്ട്. ബലാത്സംഗ കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. നടിയും ഒരുമിച്ചുളള നിത്യാനന്ദയുടെ വീഡിയോയും വലിയ വാര്‍ത്തയായിരുന്നു.

ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട റദ്ദാക്കി, ഇയാളെ പിടികൂടുന്നതിന് വേണ്ട ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. പുതിയ പാസ്‌പോര്‍ട്ടിന് നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തളളുകയും ചെയ്തിരുന്നു. നിത്യാനന്ദയെ കണ്ടെത്തുന്നതിന് വേണ്ടി രാജ്യത്തിന് പുറത്തുളള എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി വരുന്നതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അടുത്തിടെ, ഇക്വഡോറില്‍ കൈലാസ എന്ന പേരില്‍ ഒരു ദ്വീപ് വാങ്ങിയതായി അവകാശപ്പെട്ട് നിത്യാനന്ദ രംഗത്തുവന്നിരുന്നു. എന്നാല്‍ ഈ അവകാശവാദം തളളിയ ഇക്വഡോര്‍, അവിടെ അഭയം നല്‍കണമെന്നുളള നിത്യാനന്ദയുടെ അപേക്ഷ തളളുകയും ചെയ്തു. നിത്യാനന്ദ ഹെയ്തിയിലേക്ക് കടന്നതായും ഇക്വഡോര്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അജ്ഞാതമായ സ്ഥലത്ത് നിന്ന് നിത്യാനന്ദ പ്രഭാഷണം നടത്തുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഒരു വീഡിയോയില്‍ തന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ലെന്നും ഒരു കോടതിക്കും തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിത്യാനന്ദ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com