മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു വച്ച ഉഡുപ്പി സ്വദേശി കീഴടങ്ങി;യൂ ട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ചുവെന്ന് മൊഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2020 10:05 AM  |  

Last Updated: 22nd January 2020 10:05 AM  |   A+A-   |  

 

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ വെച്ചയാള്‍ പിടിയില്‍. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് പിടിയിലായത്. ബെംഗളൂരു ഡിജിപിപി ഓഫിസിലെത്തിയ ഇയാള്‍ കീഴടങ്ങുകയായിരുന്നു. യൂ ട്യൂബ് നോക്കിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ആദിത്യ റാവു പറയുന്നത്. വിമാനത്താവളത്തില്‍ സ്ഥ്രിരം ബോംബ് ഭീഷണി മുഴക്കിയിരുന്ന വ്യക്തിയാണ് ആദിത്യയെന്ന് പൊലീസ് വ്യക്തമാക്കി.

വിമാനത്താവളത്തിലും റെയില്‍വെ സ്റ്റേഷനിലും ബോംബ് ഭീഷണി മുഴക്കിയതിന്റെ പേരില്‍ 2018ല്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കാത്തതുകൊണ്ടായിരുന്നു അന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം ബോംബ് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത് എന്നാണ് പൊലീസ് നിഗമനം. 

കഴിഞ്ഞ ഇരുപതിനാണ് വിമാനത്താവളത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കണ്ടെടുത്തത്. ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കണ്ടെത്തിയത് ഐഇഡി ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളാണെന്ന് സിഐഎസ്എഫ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തില്‍ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയത്. ഇതിലാണു ടൈമറിന്റെ രൂപത്തില്‍ സ്‌ഫോടകവസ്തു ഉണ്ടായിരുന്നത്.