മണ്ഡലത്തെ മുഴുവന്‍ കാവി പുതപ്പിക്കും; ഞങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വികസനം നടത്തില്ല, മുസ്ലിംകളോട് ബിജെപി എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 11:46 AM  |  

Last Updated: 23rd January 2020 11:46 AM  |   A+A-   |  

 

ബെംഗളൂരു: ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലിം വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വികസനം നടത്തില്ലെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ എം പി രേണുകാചാര്യ. തന്റെ മണ്ഡലമായ ഹൊന്നലിയെ പൂര്‍ണമായും കാവിപുതപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ. 

ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രേണുകാചാര്യ. 'ഞാന്‍ മുസ്ലിംകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. അവര്‍ക്ക് രാജ്യസ്‌നേഹമില്ലെങ്കില്‍, അവര്‍ ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍, ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും അവരുടെ പ്രദേശങ്ങളില്‍ നടത്തുന്നതല്ല. 2018ലെ തെരഞ്ഞെടുപ്പില്‍ അവരെനിക്ക് വോട്ട് ചെയ്തില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഞാനവരുടെ വോട്ട് തേടുകയുമില്ല'- എംഎല്‍എ പറഞ്ഞു. 

മുസ്ലിംകള്‍ പള്ളിയില്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും രാജ്യ പുരോഗതിയില്‍ അവരുടെ സംഭാവന പൂജ്യമാണെന്നും രേണുകാചാര്യ പറഞ്ഞു.