'ആ സ്ത്രീയെ നാലു ദിവസം കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം' ; അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ കങ്കണ

നിര്‍ഭയയുടെ അമ്മ ആശാദേവിയോടാണ് ഇന്ദിര ജയ്‌സിങ് പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ആവശ്യപ്പെട്ടത്
'ആ സ്ത്രീയെ നാലു ദിവസം കുറ്റവാളികള്‍ക്കൊപ്പം ജയിലില്‍ അടയ്ക്കണം' ; അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ കങ്കണ


ന്യൂഡല്‍ഹി : നിര്‍ഭയ ബലാല്‍സംഗക്കേസില്‍ വധശക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്‌സിങിനെതിരെ ബോളിവുഡ് നടി കങ്കണ റണാവത്. ഇന്ദിര ജയ്‌സിങിനെ കുറ്റവാളികള്‍ക്കൊപ്പം നാലു ദിവസം ജയിലില്‍ അടയ്ക്കണം. ഇവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരം നീചന്മാര്‍ക്കും കൊലപാതകികള്‍ക്കും ജന്മം നല്‍കുന്നതെന്നും കങ്കണ വിമര്‍ശിച്ചു.

പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നു വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവര്‍ ബലാല്‍സംഗങ്ങളും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോള്‍. കുറ്റവാളികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചതാരാണ്. ഇത്തരം പ്രതികളെ പൊതുജനമധ്യത്തില്‍ വെച്ച് മരണം വരെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.

'പാംഗ' എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനിടെയാണ് നടി കങ്കണ, നിര്‍ഭയയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്കും, അവര്‍ക്ക് മാപ്പ് നല്‍കാന്‍ ആവശ്യപ്പെട്ട അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.

നിര്‍ഭയയുടെ അമ്മ ആശാദേവിയോടാണ് ഇന്ദിര ജയ്‌സിങ് പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ ആവശ്യപ്പെട്ടത്. രാജീവ് ഗാന്ധി വധക്കേസില്‍ പ്രിതിയായ നളിനിയോട് സോണിയാഗാന്ധി ചെയ്തതുപോലെ പ്രവര്‍ത്തിക്കണം. നിര്‍ഭയ ഘാതകരോട് നിര്‍ഭയയുടെ അമ്മ ക്ഷമിക്കണമെന്നായിരുന്നു ഇന്ദിര ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

ഇതിനെതിരെ നിര്‍ഭയയുടെ അമ്മ രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നു. അവരുടെ മകളാണ് ഇത്തരത്തില്‍ മൃഗീയമായി കൊല്ലപ്പെട്ടതെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ എന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. കുറ്റവാളികളെ പിന്തുണച്ച് ഉപജീവനം കഴിക്കുന്ന ഇത്തരക്കാര്‍ കാരണമാണ് ഈ രാജ്യത്ത് ഇരകള്‍ക്ക് നീതി ലഭിക്കാത്തതെന്നും നിര്‍ഭയയുടെ അമ്മ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com