ആരോഗ്യം കണ്‍കറന്റ് പട്ടികയിലേക്കു മാറ്റണം, മൗലിക അവകാശമായി പ്രഖ്യാപിക്കണം; സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ശുപാര്‍ശ

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ഇടപെടണമെങ്കില്‍ ആരോഗ്യം കണ്‍കറന്റ് പട്ടികിയല്‍ കൊണ്ടുവരണമെന്നാണ് സമിതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിക്കണമെന്നും ആരോഗ്യം സംസ്ഥാന പട്ടികയില്‍നിന്നു കണ്‍കറന്റ് പട്ടികയിലേക്കു മാറ്റണമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശ. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ നിയോഗിച്ച, ആരോഗ്യരംഗത്തെ പരിഷ്‌കരണങ്ങള്‍ക്കായുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. 

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ ഇടപെടണമെങ്കില്‍ ആരോഗ്യം കണ്‍കറന്റ് പട്ടികിയല്‍ കൊണ്ടുവരണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. അടുത്ത വര്‍ഷം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ആരോഗ്യം മൗലിക അവകാശമായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട  മൂവായിരം മുതല്‍ അയ്യായിരം വരെ ചെറുകിട സ്വകാര്യ ആശുപത്രികള്‍ തുടങ്ങണം, 2025ഓടെ എംബിബിഎസ് സീറ്റുകളും പിജി സീറ്റുകളും തുല്യമാക്കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യരംഗത്തിന്റെ വിവിഹം ജിഡിപിയുടെ രണ്ടര ശതമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡല്‍ഹി ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരി, ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ ദേവി ഷെട്ടി, മഹാരാഷ്ട്രാ ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലാ വിസി ഡോ. ദിലീപ് ഗോവിന്ദ്, മേദാന്ത ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഭബാതോഷ് ബിശ്വാസ്, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ ശ്രീകാന്ത് റെഡ്ഡി എന്നിവര്‍ അടങ്ങിയതാണ് സമിതി. സമിതി അംഗങ്ങള്‍ നടത്തിയ കൂടിയാലോചനകളുടെയും നീതി ആയോഗിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പുറത്തുനിന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചിട്ടുണ്ടെന്ന് സമിതി അംഗങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com