'എനിക്ക് സ്വയം ലജ്ജ തോന്നി, ഞാന്‍ അരുതാത്തതു ചെയ്തു'- ദുരൂഹത ബാക്കിയാക്കി നടാഷ കപൂറിന്റെ ആത്മഹത്യാ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌  |   Published: 24th January 2020 12:06 PM  |  

Last Updated: 24th January 2020 12:06 PM  |   A+A-   |  

natasha_kapoor

 

ന്യൂഡല്‍ഹി: അറ്റ്ലസ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് ദുരൂഹത ഉയർത്തുന്നു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു, അതിലുള്ള നാണക്കേടിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ലുട്യന്‍സ് ഡല്‍ഹിയിലെ ഔറംഗസേബ് ലെയ്നിലെ വീട്ടില്‍ നടാഷയുടെ മൃതദേഹം കണ്ടെടുത്തത്.   

'ഞാന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു. ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു'- ഇതായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്ന വാചകങ്ങൾ. എന്നാല്‍ മരണത്തിന് കാരണം എന്താണെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നില്ല. നടുക്കത്തിലും ദുരൂഹതയുടെ ചുരുളുകളാണ് 57കാരി നടാഷയുടെ മരണം ബാക്കി വെയ്ക്കുന്നത്.

വീടിനുള്ളിലെ പൂജാ മുറിയില്‍ നിന്നാണ് അരപ്പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇത് നടാഷ എഴുതിയത് തന്നെയാണോ എന്നറിയാനായി കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പൊലീസിനും ലഭിച്ചിട്ടില്ല.  

ചൊവ്വാഴ്ച അമ്മയെ പല തവണ മൊബൈലില്‍ വിളിച്ചതായി മകന്‍ സിദ്ധാന്ത് പറഞ്ഞു. എന്നാല്‍, ഒരു പ്രതികരണവുമുണ്ടായില്ല. ചെന്നു നോക്കിയപ്പോള്‍ മുറി അടഞ്ഞു കിടക്കുകയായിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.