ദിവസവും നാലു നേരം അത് തുടരൂ; മുഖകാന്തിയുടെ രഹസ്യം വെളിപ്പെടുത്തി മോദി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 09:23 PM  |  

Last Updated: 24th January 2020 09:23 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മുഖകാന്തിയുടെ തിളക്കം കുട്ടികളോട് വെളിപ്പെടുത്തി. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് പുരസ്‌കാരത്തിന് ശേഷം അവരുമായി സംവദിക്കുമ്പോഴായിരുന്നു ആ രഹസ്യവും ജീവിത വിജയത്തിനുള്ള പാഠങ്ങളും മോദി പങ്കുവെച്ചത്. 

താങ്കളുടെ മുഖത്തിന് ഇത്രയേറെ തിളക്കുമുണ്ടായത് എങ്ങനെയാണന്നായിരുന്നു കുട്ടികളുടെ ചോദ്യം. ഈ ചോദ്യം വര്‍ഷങ്ങള്‍ക്കു മുന്‍പെ നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഉത്തരം ലളിതമാണ്. താന്‍ കഠിനാധ്വാനം ചെയ്യും. നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കുമ്പോള്‍ മസാജിന്റെ ഫലമാണ് ഉണ്ടാകുന്നത്. അതോടെ തന്റെ മുഖം തിളങ്ങാന്‍ തുടങ്ങിയെന്ന് മോദി പറഞ്ഞു. 

ദിവസത്തില്‍ നാലുനേരമെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം എല്ലാ കുട്ടികളും അറിയണം. കഠിനമായി അധ്വാനിക്കുകയും അത് തുടരുകയും വേണം. ജീവിതത്തില്‍ നിങ്ങള്‍ക്ക് എത്ര പുരസ്‌കാരം ലഭിച്ചാലും വിട്ടുവീഴ്ചയില്ലാതെ അത് തുടരുക മോദി പറഞ്ഞു. 

നമുക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. അതില്‍ ഒന്ന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതോടെ ചിലര്‍ അഹങ്കാരികളാവുകയും അധ്വാനിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്നവരാണ്. മറ്റുള്ളവരാവട്ടെ പുരസ്‌കാരങ്ങള്‍ മികച്ച പ്രകടനം നടത്താനുളള പ്രോത്സാഹനങ്ങളായി കാണുന്നവരാണ്. അതുകൊണ്ട് പുരസ്‌കാരങ്ങള്‍ ഒന്നിന്റെയും അവസാനമല്ലെന്നും അവ ജീവിതത്തിന്റെ തുടക്കമാണെന്നു മോദി പറഞ്ഞു.