പെരിയാർ വിവാദത്തില്‍ രജനീകാന്തിന് ആശ്വാസം ; കേസെടുക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 12:57 PM  |  

Last Updated: 24th January 2020 12:57 PM  |   A+A-   |  

 

ചെന്നൈ :പെരിയാർ വിവാദത്തില്‍ നടന്‍ രജനീകാന്തിന് ആശ്വാസം. പെരിയോറിനെതിരായ പരാമര്‍ശത്തില്‍ രജനീകാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ എന്തിനാണ് തിടുക്കമെന്ന് കോടതി ചോദിച്ചു. പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ ആദ്യം മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

1971ല്‍ സേലത്ത് അന്ധവിശ്വാസത്തിനെതിരെ ദ്രാവിഡ രാഷ്ട്രീയ ആചാര്യന്‍ പെരിയാർ ഇ വി രാമസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ രാമന്റെയും സീതയുടെയും നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു രജനിയുടെ പരാമര്‍ശം. ചെന്നൈയില്‍ തമിഴ് മാസിക തുഗ്ലക്കിന്റെ 50-3ം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം.

രജനിയുടെ പരാമര്‍ശത്തിനെതിരെ ദ്രാവിഡ വിടുതലൈ കഴകം രംഗത്തെത്തുകയായിരുന്നു. രജനീകാന്തിന്റെ പ്രസ്താവന കല്ലുവെച്ച നുണയാണെന്നായിരുന്നു കഴകം നേതാക്കള്‍ ആരോപിച്ചത്.  സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം നടത്തിയ രജനിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡ വിടുതലൈ കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാദ പരാമര്‍ശത്തിനെതിരെ കഴകം സെക്രട്ടറി ഉമാപതി ജനുവരി 18 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വിവാദ പരാമര്‍ശത്തിനെതിരെ കഴിഞ്ഞദിവസം രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധസമരവും നടന്നിരുന്നു.