ബാസ്‌കറ്റ് നിറയെ 'വെട്ടുകിളി'കളുമായി എംഎല്‍എ നിയമസഭയില്‍ ; അപ്രതീക്ഷിത പ്രതിഷേധം, അമ്പരപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2020 03:07 PM  |  

Last Updated: 24th January 2020 03:07 PM  |   A+A-   |  

 

ജയ്പൂര്‍ : രാജസ്ഥാന്‍ നിയമസഭയും എംഎല്‍എമാരും അപ്രതീക്ഷിതമായ ഒരു പ്രതിഷേധത്തിനാണ്  സാക്ഷിയായത്. സംസ്ഥാനത്തെ ഒരു എംഎല്‍എ തലയില്‍ ഒരു ബാസ്‌കറ്റുമായി കടന്നുവന്നപ്പോള്‍ വിധാന്‍ സഭ ആകെ അമ്പരപ്പിലായി. ബിജെപി എംഎല്‍എയായ ബിഹാരി ലാല്‍ നോഖയാണ് സഭയെ അമ്പരപ്പിച്ചത്.

പ്രദേശത്തെ കര്‍ഷകര്‍ക്ക് നിത്യശല്യമായ വെട്ടുകിളികളെ നിറച്ച ബാസ്‌കറ്റും കൊണ്ടാണ് ബിജെപി എംഎല്‍എ എത്തിയത്. പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വെട്ടുകിളി ശല്യം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണ് പ്രാണി ശല്യം മൂലം നശിച്ചത്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെ കാണണമെന്ന് ബിഹാരി ലാല്‍ ആവശ്യപ്പെട്ടു.

വെട്ടുകിളി ശല്യം മൂലം കര്‍ഷകര്‍ക്ക് വന്‍നാശമാണ് ഉണ്ടായിട്ടുള്ളത്. ഏഴുലക്ഷം ഹെക്ടറിലെ കൃഷിയാണ് നശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും ബിഹാരി ലാല്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, പകരം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും ബിജെപി എംഎല്‍എ കുറ്റപ്പെടുത്തി.

രാജസ്ഥാനിലെ 11 ഓളം ജില്ലകളില്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി വെട്ടുകിളി ശല്യം രൂക്ഷമാണ്. 3.70 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വെട്ടുകിളി ശല്യം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃഷിനാശം മൂലം പ്രതിസന്ധിയിലായ ബാര്‍മറിലെ കര്‍ഷകരെ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സന്ദര്‍ശിച്ചിരുന്നു. വിഷയം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും, കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.