എന്‍പിആറുമായി ബന്ധപ്പെടുത്തി പരസ്യം; ബാങ്കിന് ഒറ്റയടിക്ക് നഷ്ടമായത് ആറ് കോടി രൂപ

തൂത്തുകുടിയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഒരു പത്ര പരസ്യം അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണിപ്പോള്‍
എന്‍പിആറുമായി ബന്ധപ്പെടുത്തി പരസ്യം; ബാങ്കിന് ഒറ്റയടിക്ക് നഷ്ടമായത് ആറ് കോടി രൂപ

മധുരൈ: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ വിവാദമായി നില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ആശങ്കകളും അങ്കാലപ്പുകളുമാണുള്ളത്. അത്തരമൊരു റിപ്പോര്‍ട്ടാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്നത്. തൂത്തുകുടിയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ ഒരു പത്ര പരസ്യം അവര്‍ക്ക് തന്നെ പാരയായി മാറിയിരിക്കുകയാണിപ്പോള്‍. പരസ്യം നല്‍കിയതിന് പിന്നാലെ ആറ് കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിന് നഷ്ടമായത്.

ബാങ്ക് കെവൈസിയുമായി ബന്ധപ്പെട്ടാണ് പരസ്യം നല്‍കിയത്. ഒരു പ്രാദേശിക പത്രത്തിലാണ് ബാങ്ക് പരസ്യം കൊടുത്തത്. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) വിശദാംശങ്ങള്‍ കയല്‍പട്ടണം ബ്രാഞ്ചില്‍ അക്കൗണ്ടുള്ള ആളുകളുടെ കെവൈസിയുമായി ബന്ധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. ഇത് അറിഞ്ഞതോടെ നിരവധി പേര്‍ ബാങ്കുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് നിക്ഷേപം പിന്‍വലിക്കുകയായിരുന്നു.  

മുസ്ലീം മത വിശ്വാസികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. ബാങ്ക് നല്‍കിയ പരസ്യത്തില്‍ എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യം ഒരു ഓപ്ഷന്‍ മാത്രമായിരുന്നു. ഇത് തിരിച്ചറിയാതെ പണം പിന്‍വലിക്കാന്‍ ബാങ്കിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു പിന്നീട്. വനിതാ നിക്ഷേപകരാണ് പണം പിന്‍വലിച്ചതില്‍ കൂടുതലുള്ളത്. വളരെ അപൂര്‍വമായി മാത്രമേ വനിതകള്‍ ബാങ്കില്‍ വരാറുള്ളു. എന്നാല്‍ പരസ്യം നല്‍കിയതോടെ ബാങ്കില്‍ പണം പിന്‍വലിക്കാനെത്തിയതില്‍ കൂടുതല്‍ വനിതകള്‍ തന്നെയായിരുന്നുവെന്ന് ബാങ്ക് മാനേജര്‍ എ മാരിയപ്പന്‍ വ്യക്തമാക്കി.

പണം പിന്‍വലിച്ച പല നിക്ഷേപങ്ങളും എന്‍ആര്‍ഐ ആണ്. സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാരോ മക്കളോ ആരെങ്കിലും മറ്റ് രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. പണം പന്‍വലിക്കപ്പെട്ടതോടെ ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി ബാങ്ക് സംഭവം വിശദീകരിച്ചെങ്കിലും പലരും പണം തിരികെ നിക്ഷേപിക്കാന്‍ തയ്യാറായിട്ടില്ല. ചിലര്‍ക്ക് കാര്യം മനസിലായതായും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com