കൊറോണ: ചൈനയില്‍ ചികിത്സയ്ക്ക് പണം തേടി ഇന്ത്യന്‍ യുവതി; ഇതുവരെ ചെലവായത് ഒരുകോടി രൂപ; സഹായം തേടി സഹോദരന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍

ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാല്‍ യുവതിയുടെ സഹോദരന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി
കൊറോണ: ചൈനയില്‍ ചികിത്സയ്ക്ക് പണം തേടി ഇന്ത്യന്‍ യുവതി; ഇതുവരെ ചെലവായത് ഒരുകോടി രൂപ; സഹായം തേടി സഹോദരന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതി ചികിത്സാ സഹായം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന്‍ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാല്‍ യുവതിയുടെ സഹോദരന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി.  ബീജിങിലെ ഇന്ത്യന്‍ എംബസിയെയാണ് സഹോദരന്‍ മനീഷ് താപ്പ സമീപിച്ചത്. കൂടാതെ ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സഹോദരന്‍ സമീപിച്ചിട്ടുണ്ട്.

ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയാണ് മഹേശ്വരി. ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ചികിത്സയ്ക്കായി ചെലവിട്ടത് ഒരു കോടി രൂപയാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും പ്രീതിയുടെ സഹോദരന്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ തങ്ങളുടെ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. വടക്കന്‍ ഹാബേയ് പ്രവിശ്യയിലുള്ള ആളാണ് ഏറ്റവുമൊടുവില്‍ മരിച്ചത്. വടക്കുപടിഞ്ഞാറന്‍ ഹെയ്‌ലോങ്ജാങ് പ്രവിശ്യയിലും ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ഇതുവരെ 850 ഓളം പേര്‍ വൈറസ് ബാധിതരായതായാണ് ചൈനീസ് ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഹെയ്‌ലോങ്ജാങ്. കൊറോണ വൈറസ് ആദ്യം പകര്‍ന്ന വുഹാന്‍ പ്രവിശ്യയില്‍ നിന്നും 2000 കിലോമീറ്റര്‍ അകലെയാണ് ഹെയ്‌ലോങ്ജാങ് സ്ഥിതിചെയ്യുന്നത്. വൈറസ് പടരുന്നത് കണക്കിലെടുത്ത് ചൈനീസ് അധികൃതര്‍ 13 നഗരങ്ങളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. 410 ലക്ഷം ജനങ്ങല്‍ ഇതോടെ തടങ്കലിലായ സ്ഥിതിയിലാണ്.

രോഗബാധ പടരുന്നത് തടയുക ലക്ഷ്യമിട്ട് അധികൃതര്‍ മ്യൂസിയം, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈനീസ് വന്‍മതില്‍ ഭാഗികമായി അടച്ചു. ടൂറിസ്റ്റു കേന്ദ്രങ്ങളായ മിംഗ് ടോംബ്, യിന്‍ഷാന്‍ പഗോഡ എന്നിവ ശനിയാഴ്ച മുതല്‍ അടയ്ക്കും. ബേഡ്‌സ് നെസ്റ്റ് സ്‌റ്റേഡിയവും അടച്ചു. ഹൂബെയ് പ്രവിശ്യയിലെ ട്രെയിനുകളും ബസുകളും അടക്കം പൊതുഗതാഗവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ചൈനയ്ക്ക് പുറമെ, തായ്‌ലന്‍ഡ്, അമേരിക്ക, തായ് വാന്‍, ദക്ഷിണകൊറിയ, വിയറ്റ്‌നാം, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും കൊറോണ വൈറസെന്ന സംശയത്തില്‍ ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. മുംബൈയില്‍ ഒരു യുവാവും യുവതിയും ആശുപത്രിയില്‍ ചികില്‍സയിലാണ്. കേരളത്തില്‍ രണ്ടുപേരും വൈറസ് രോഗസംശയത്തില്‍ നിരീക്ഷണത്തിലാണ്. ഒരാള്‍ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലും, മറ്റൊരാള്‍ തിരുവനന്തപുരത്തും നിരീക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com