കടുത്ത ചുമ മൂലം വിഷമിച്ച് 12 കാരൻ ; ശ്വാസകോശത്തിന്റെ സ്കാൻ എടുത്ത ഡോക്ടർ ഞെട്ടി, പേനയുടെ അടപ്പ്, ശസ്ത്രക്രിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2020 03:09 PM  |  

Last Updated: 25th January 2020 03:09 PM  |   A+A-   |  

 

കൊല്‍ക്കത്ത: കടുത്ത ചുമ കൊണ്ട് വിഷമിച്ച 12 കാരന്റെ രോ​ഗം കണ്ടെത്താനാകാതെ ഡോക്ടർമാർ ബുദ്ധിമുട്ടി. ഒടുവിൽ ശ്വാസകോശത്തിന്റെ സിടി സ്കാൻ എടുത്തപ്പോൾ ഡോക്ടർമാർ ഞെട്ടി. ശ്വാസകോശത്തിൽ പേനയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നു. ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തതോടെ കുട്ടിക്ക് ആശ്വാസമായി. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

കടുത്ത ചുമയും കഫക്കെട്ടും മൂലം ഗാരിയ സ്വദേശിയായ 12 കാരനാണ്  ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. പരിശോധനയില്‍ ചുമയ്ക്ക് കാരണമൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടാകാമെന്ന് ഡോക്ടർമാർക്ക് സംശയം ഉണ്ടായത്. ഇതു കണ്ടെത്താനായി സിടി സ്‌കാന്‍ ചെയ്തു. ഇതോടെയാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ പേനയുടെ അടപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

സ്‌കാനില്‍ കുട്ടിയുടെ ഇടത് ശ്വാസകോശത്തില്‍ അടപ്പ് കണ്ടെത്തുകയായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. അരുണാഭ സെന്‍ഗുപ്ത പറഞ്ഞു. ബ്രോണ്‍കോസ്‌കോപ്പിയിലൂടെ ഇത് പുറത്തെടുത്തു. ഇപ്പോള്‍ കുട്ടി അപകടനില തരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ മാസത്തില്‍ കുട്ടി പേനയുടെ അടപ്പ് വിഴുങ്ങിയിരുന്നതായി കുട്ടിയുടെ വീട്ടുകാർ പറഞ്ഞു. അന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. അത്തരത്തിലൊരു വസ്തു വിഴുങ്ങിയിരുന്നെങ്കില്‍ ഇതിനകം കുട്ടിക്ക് അപകടം സംഭവിച്ചിട്ടുണ്ടാകുമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു.