മൊബൈല്‍ പിടിച്ചുപറിച്ചയാളുടെ ചൂണ്ടുവിരല്‍ കടിച്ചറുത്തു,  ചോരയൊലിച്ച വിരലുമായി നാട്ടുകാര്‍ പിടികൂടി; പിന്നീട് സംഭവിച്ചത്

By സമകാലിക മലയാളം ഡെസ്‌  |   Published: 25th January 2020 11:25 AM  |  

Last Updated: 25th January 2020 11:25 AM  |   A+A-   |  

surgery

 

ന്യൂഡല്‍ഹി: മൊബൈല്‍ പിടിച്ചപറിക്കാന്‍ ശ്രമിച്ചയാളുടെ ചൂണ്ടുവിരല്‍ കടിച്ചറുത്ത് യുവാവ്. മൊബൈല്‍ തട്ടിയെടുക്കാന്‍ ആക്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവാവ് മോഷ്ടാക്കളില്‍ ഒരാളുടെ കൈ കടിച്ചത്. ചോരയൊലിച്ച കൈയ്യുമായി മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. കൂട്ടാളി ഓടി രക്ഷപ്പെട്ടു.

ഡല്‍ഹിയിലെ ജ്യോതി നഗറിലുള്ള പബ്ലിക് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന 21 കാരനായ ദേവ് രാജിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. യുവാവിന്റെ ഫോണ്‍ തട്ടിപ്പറിക്കാനായാണ് ഇവര്‍ ശ്രമിച്ചത്. ഇതിനായി ഒരാള്‍ ദേവിന്റെ കഴുത്ത് പിന്നില്‍ നിന്ന് അമര്‍ത്തിപ്പിടിച്ചു. ദേവ് ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വായും കൈകൊണ്ട് മൂടി. ഈ സമയം മോഷ്ടാവിന്റെ ചൂണ്ടുവിരല്‍ ദേവ് കടിച്ചു. ശക്തമായി കടിച്ചതിനാല്‍ ഫോണ്‍ കൈക്കലാക്കി മോഷ്ടാക്കള്‍ ഓടുകയായിരുന്നു. ഇതിനിടയില്‍ കടിച്ചുപിടിച്ച വിരല്‍ കൈപത്തിയില്‍ നിന്ന് അറ്റുവീണു.

രോഹിത് എന്നയാളുടെ കൈവിരലാണ് അറ്റത്. ഇയാളെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഹിത്തിന്റെ കൈ കൂട്ടിച്ചേര്‍ക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രോഹിത്തിനും കൂട്ടാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഓടിരക്ഷപെട്ട പ്രതിക്കായി അന്വേഷണം തുടങ്ങിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.