48 മണിക്കൂര്‍ വരെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാടില്ല; വര്‍ഗീയ പരാമര്‍ശത്തില്‍ കപില്‍ മിശ്രയ്ക്ക് വിലക്ക്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വിലക്ക്
 48 മണിക്കൂര്‍ വരെ പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാടില്ല; വര്‍ഗീയ പരാമര്‍ശത്തില്‍ കപില്‍ മിശ്രയ്ക്ക് വിലക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 48 മണിക്കൂര്‍ നേരത്തേയ്ക്ക് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കപില്‍ മിശ്രയെ വിലക്കിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതല്‍ വരുന്ന 48 മണിക്കൂര്‍ നേരം പ്രചാരണപരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മോഡല്‍ ടൗണ്‍ നിയോജമണ്ഡലത്തില്‍ നിന്നുമാണ് കപില്‍ മിശ്ര ജനവിധി തേടുന്നത്.

ഫെബ്രുവരി എട്ടാം തീയതി ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന കപില്‍ മിശ്രയുടെ ട്വീറ്റാണ് വിവാദമായത്.വര്‍ഗീയ പരാമര്‍ശത്തിന് എതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടായിരുന്നു കപില്‍ മിശ്രയുടെ വര്‍ഗീയ ചുവയുള്ള പോസ്റ്റ്. ട്വീറ്റ് വര്‍ഗീയമായ ചേരിതിരിവ് ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയായിരുന്നു. നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവായിരുന്ന കപില്‍ മിശ്ര, കെജ്രിവാളിനോട് പിണങ്ങിയാണ് പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com