ഏഷ്യ മുഴുവനും യൂറോപ്പിലും പറന്നെത്തും, 5,000 കിലോമീറ്റര്‍ പ്രഹരപരിധി; കടലിന്നടിയില്‍ നിന്നുളള ഭൂഖണ്ഡാന്തര മിസൈലുമായി ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th January 2020 03:44 PM  |  

Last Updated: 26th January 2020 03:44 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  3500 കിലോമീറ്റര്‍ ദൂരപരിധിയിലുളള ലക്ഷ്യം അന്തര്‍വാഹിനിയില്‍ നിന്ന് തൊടുത്ത് തകര്‍ക്കാന്‍ സാധിക്കുന്ന കെ-4 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പരിഷ്‌കരിച്ച മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. 5000 കിലോമീറ്റര്‍ ദൂരപരിധിയിലുളള ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ വികസിപ്പിക്കാനാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പദ്ധതിയിടുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് തന്നെ വിക്ഷേപിക്കാവുന്ന നിര്‍ദിഷ്ട മിസൈലിന് ഏഷ്യാ ഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങള്‍, ദക്ഷിണ ചൈനാ കടല്‍ ഉള്‍പ്പെടുന്ന ഇന്തോ-പസഫിക് മേഖല എന്നിവിടങ്ങളിലെ ലക്ഷ്യ സ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുണ്ടാവും. ഇതിന് സാധിക്കത്തക്കവിധമാണ് മിസൈലിന് രൂപം നല്‍കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.നിലവില്‍ പരീക്ഷിച്ച് വിജയിച്ച കെ-4 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും ഇത്. മിസൈലിനേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

നിലവില്‍ ഇന്ത്യയ്ക്ക് കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന 5000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്‌നി-5 മിസൈല്‍ സ്വന്തമായുണ്ട്. ഇത് സേനയുടെ ഭാഗമാകുന്നതിന് മുമ്പുള്ള പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനേക്കാള്‍ പ്രഹരപരിധിയിയുളളതും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍ നിര്‍മിക്കാനാവശ്യമായ സാങ്കേതിക വിദ്യ കൈവശമുണ്ടെന്നാണ് ഡിആര്‍ഡിഒ അവകാശപ്പെടുന്നത്.

അന്തര്‍ വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ-4 മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. 2020 ജനുവരി 19 നും 24നും രണ്ട് പരീക്ഷണണങ്ങളാണ് ഡിആര്‍ഡിഒ നടത്തിയത്. രണ്ടും വിജയകരമായിരുന്നു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള കെ-4 മിസൈല്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളിലാകും ഘടിപ്പിക്കുക. 

5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുക എന്നതാണ് ഡിആര്‍ഡിഒയുടെ അടുത്ത നീക്കം. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ കൈവശമുള്ളത്. ഈ പട്ടികയില്‍ ഇടം നേടുകയെന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം.