17,000 അടി ഉയരം, മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് കൊടുംതണുപ്പ്; ദേശീയ പതാക ഉയര്‍ത്തി ഐടിബിപിയുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th January 2020 11:43 AM  |  

Last Updated: 26th January 2020 11:43 AM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. അതിനിടെ, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

പ്രതികൂലമായ കാലാവസ്ഥയെ വകവെക്കാതെ ലഡാക്കില്‍ 17000 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.  പതാക ഉയര്‍ത്തുന്ന സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആണ്. മഞ്ഞുപുതച്ചു കിടക്കുന്ന പ്രദേശത്ത് ഭാരത് മാതാ കീ ജയ് , വന്ദേമാതരം എന്നിങ്ങനെ ജവാന്മാര്‍ മുദ്രാവാക്യങ്ങള്‍ ചൊല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. വെളളവസ്ത്രം ധരിച്ചാണ് ജവാന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്.

1962ലാണ് അതിര്‍ത്തി സംരക്ഷണത്തിന്റെ ഭാഗമായി ഐടിബിപി രൂപീകൃതമായത്.ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 3488 കിലോമീറ്റര്‍ ഭാഗത്താണ് ഐടിബിപി സുരക്ഷ ഒരുക്കുന്നത്.