പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും; സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചന്ദ്രശേഖര്‍ റാവു

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സിയ്‌ക്കെതിരെ സമാനചിന്താഗതിക്കാരായ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കും. 
പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തെലങ്കാനയും; സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ചന്ദ്രശേഖര്‍ റാവു

ഹൈദരബാദ്: പൗരത്വനിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പൗരത്വനിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി നൂറ് ശതമാനം തെറ്റായ തീരുമാനമാണ്. ഇതിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. നിയമത്തിനെതിരെ രാജ്യവ്യാപകമായ സമരത്തിന് നേതൃത്വം നല്‍കാന്‍  തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

സിഎഎ, എന്‍പിആര്‍, എന്‍ആര്‍സിയ്‌ക്കെതിരെ സമാനചിന്താഗതിക്കാരായ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കും. ഇതിനകം നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടതായും നിയമത്തിനെതിരെ പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞ.

മതം, ജാതി, പ്രദേശം എന്നിവ നോക്കാതെ ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങളാണ് നല്‍കിയത്. പൗരത്വനിയമവും എന്‍ആര്‍സിയും ബിജെപി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമാണ്. ഈ നിയമം എത്രയും വേഗം പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ വരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ബുദ്ധിജീവികളെല്ലാം നിയമത്തിനെതിരാണ്. ഈ നിയമത്തിനോട് യോജിച്ച് പോകാനാവില്ല. ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ വിളിച്ചപ്പോള്‍ ഒരു സമുദായത്തെ ഒഴിവാക്കുന്ന ഈ നിയമത്തിനോട്  യോജിക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. മതേതരത്വനിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ടിആര്‍എസ് തയ്യാറല്ല. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാന്‍ അനുവദിക്കില്ലെന്നും ഈ രാജ്യം എല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണെന്നും മതനിരപേക്ഷമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com