'മതത്തെ ഒറ്റിക്കൊടുത്തവര്‍ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കൊള്ളുക'; കുമാരസ്വാമിക്കും പ്രകാശ് രാജിനും ബൃന്ദാ കാരാട്ടിനും വധഭീഷണി

'മതത്തെ ഒറ്റിക്കൊടുത്തവര്‍ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കൊള്ളുക'; കുമാരസ്വാമിക്കും പ്രകാശ് രാജിനും ബൃന്ദാ കാരാട്ടിനും വധഭീഷണി

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമി, നടന്മാരായ പ്രകാശ് രാജ്, ചേതന്‍ തുടങ്ങി 15 പേരെ വധിക്കുമെന്ന് ഭീഷണിക്കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാല്‍ ജനുവരി 29ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാന്‍ നിജഗുണാനന്ദ സ്വാമിയോട് കത്തില്‍ ഭീഷണിപ്പെടുത്തുന്നു. കര്‍ണാടകയിലും പുറത്തുള്ളവരുമായ 15 പേരെ ജനുവരി 29ന് വധിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പൗരത്വനിയമഭേദഗതിയെ എതിര്‍ത്തവരെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് തപാലില്‍ ലഭിച്ചത്. നടന്‍ ചേതന്‍, സിപിഎം നേതാവ് ബൃന്ദാകാരാട്ട്, മുന്‍ ബജ്‌റംഗദള്‍ നേതാവ് മഹേന്ദ്കുമാര്‍, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുന്‍ എം എല്‍ എ. ബി ടി ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാന്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകന്‍ ദിനേശ് അമിന്‍ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖര്‍പാട്ടീല്‍, ദ്വാരക് നാഥ്, അഗ്‌നി ശ്രീധര്‍ എന്നിവരാണ് വധഭീക്ഷണി നേരിടുന്ന മറ്റുള്ളവര്‍.

നടന്‍ ചേതന്‍ മുഖ്യമന്ത്രി ബി എസ്  യെദ്യൂരപ്പയെയും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയും കണ്ട് ഭീഷണിക്കത്തിന്റെ പകര്‍പ്പ് കൈമാറി. വിഷയം ഗൗരവമായി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്  ചേതന്‍ പറഞ്ഞു. വധഭീഷണി മുഴക്കി രണ്ടുമാസംമുമ്പ് ഫോണ്‍കോള്‍ ലഭിച്ചിരുന്നതായി സ്വാമി പൊലീസിനോട് പറഞ്ഞു. കലബുറഗി ജില്ലയിലെ ജെവര്‍ഗിയിലെ ആശ്രമത്തിലാണ് സ്വാമിയുള്ളത്. സ്വാമിക്ക് കലബുറഗി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com