എന്‍പിആര്‍ വിവരശേഖരണമെന്ന് തെറ്റിദ്ധരിച്ചു; പോളിയോ സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മര്‍ദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 10:34 AM  |  

Last Updated: 27th January 2020 10:34 AM  |   A+A-   |  

 

മീററ്റ്: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ (എന്‍പിആര്‍) വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതാണെന്ന് തെറ്റിദ്ധരിച്ച് പോളിയോ വാക്‌സിനേഷന്‍ വിവരങ്ങള്‍ എടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നാട്ടുകാരുടെ മര്‍ദനത്തിന് വിധേയരായ ഉദ്യോഗസ്ഥരെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 

'പോളിയോ സര്‍വെയുടെ ഭാഗമായി വാക്‌സിനേഷന്‍ ക്യാമ്പിലെത്തിയ ഞങ്ങള്‍ നാട്ടുകാരോട് കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചു. എന്നാല്‍ നാട്ടുകാര്‍, ഇത് എന്‍പിആറിന് വേണ്ടിയുള്ള വിവരശേഖരണമാണ് എന്ന് തെറ്റിദ്ധരിച്ച് ഞങ്ങളോട് മോശമായി പെരുമാറുകയായിരുന്നു'- സംഘത്തിലുണ്ടായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്കുമാര്‍ പറഞ്ഞു. 

എന്‍ആര്‍സി,എന്‍പിആര്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് തെറ്റിദ്ധരിച്ച് നേരത്തെയും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ജനങ്ങള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. പശ്ചിമ ബംഗാളില്‍ എന്‍ആര്‍എസി വിവരശേഖരണനടത്തിയെന്ന് തെറ്റിദ്ധരിച്ച് സന്നദ്ധസംഘടന അഗംമായ യുവതിയുടെ വീടിന് നാട്ടുകാര്‍ തീയിട്ടിരുന്നു. ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഗൗര്‍ബസാറിലാണ് സംഭവം നടന്നത്.

ചുംകി എന്ന ഇരുപതുകാരിയുടെ വീടിനാണ് തീയിട്ടത്. ഒരു എന്‍ജിഒയുടെ താത്കാലിക ജീവനക്കാരിയാണ് ഇവര്‍. ഗ്രാമങ്ങളിലെ സ്ത്രീകളെ ഫലപ്രദമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചുംകി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് എന്‍ആര്‍സിയുടെ വിവരശേഖരണത്തിന്റെ ഭാഗമാണെന്ന് പ്രചരിച്ചതോടെയാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചുംകിയും കുടുംബവും ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ്.