ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അല്ല അധികാരത്തിലേറുക  ; കോണ്‍ഗ്രസ് നേതാവിന്റെ പ്രവചനം ഇങ്ങനെ, അമ്പരന്ന് നേതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 02:22 PM  |  

Last Updated: 27th January 2020 02:24 PM  |   A+A-   |  


 

ജയ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലേറാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായി മൂന്നുവട്ടം അധികാരം നിലനിര്‍ത്തിയ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷത്തോടെ ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്.

ഇത്തവണ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന്റെ പ്രവചനമാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അമ്പരപ്പിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസല്ല, ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് സച്ചിന്‍ പറഞ്ഞത്.  ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രവചനം.

ജനങ്ങള്‍ എല്ലാം മനസ്സിലാക്കി വരുന്നു. ജനങ്ങളുടെ അറിവാണ് നടപ്പാക്കപ്പെടുക. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും, പണം-അധികാരം-മാധ്യമങ്ങള്‍ എന്നിവയുടെ സ്വാധീനം ഏറെയുണ്ടായിട്ടും ബിജെപിയെ ജനം തൂത്തെറിഞ്ഞത് ഇതിന് തെളിവാണെന്നും സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടു. ബിജെപിയുടെ തന്ത്രങ്ങള്‍ ജനങ്ങല്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

വോട്ടിംഗ് മെഷീന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി എല്ലാം തീരുമാനിക്കും. അത്തരത്തിലുള്ള തിരിച്ചറിവ് ജനങ്ങള്‍ക്ക് വർധിച്ചുവരികയാണ്.  അതാണ് ഡല്‍ഹിയില്‍ എഎപിയുടെ വിജയത്തിന് കാരണമാകുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.