മംഗലൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച ആദിത്യറാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 12:49 PM  |  

Last Updated: 27th January 2020 12:49 PM  |   A+A-   |  

 

ബംഗലൂരു : മംഗലൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ചതിന് അറസ്റ്റിലായ  ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. റാവുവിന്റെ കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കഞ്ചിബെട്ട് ശാഖയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്.

150 ഗ്രാം സയനൈഡാണ് കണ്ടെടുത്തതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അസിസ്റ്റന്റെ പൊലീസ് കമ്മീഷണര്‍ ബെല്ലിയപ്പ പറഞ്ഞു. അവധി ദിനമായിട്ടും ബാങ്ക് ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കര്‍ തുറന്ന് പരിശോധിച്ചത്.

ലോക്കറില്‍ സൂക്ഷിച്ചത് സയനൈഡ് ആണെന്ന് ആദിത്യ റാവു പൊലീസിനോട് വെളിപ്പെടുത്തി. കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ചയാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ച ആദിത്യ റാവു പൊലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇന്‍ഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്.

ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.