രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തില്‍; മോദി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2020 10:01 AM  |  

Last Updated: 27th January 2020 10:01 AM  |   A+A-   |  

ഗാന്ധി സമാധാന മാര്‍ച്ചില്‍ ശരദ് പവാറിനൊപ്പം യശ്വന്ത് സിന്‍ഹ

 

ലഖ്‌നൗ: മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തിന്റെ ഭരണഘടന അപകടത്തിലാണ് മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. മൂവായിരം കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഗാന്ധി സമാധാന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അഹിംസയുടെ സമാധാനത്തിന്റെയും സന്ദേശം നല്‍കാനാണ് ഈ മാര്‍ച്ച്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലായതിനാലാണ് ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് വലിയ അസ്വസ്ഥത നിറഞ്ഞുനില്‍ക്കുന്നു. അസന്തുഷ്ടരായ കര്‍ഷകര്‍ എല്ലായിടത്തും സമരം നടത്തുകയാണ്'- അദ്ദേഹം പറഞ്ഞു. 

'പരസ്പരം വിദ്വേഷം ജനങ്ങള്‍ക്കിടയില്‍ വളരുകയാണ്, ഇത് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ അസന്തുഷ്ടരാണെങ്കില്‍ അവരെ കേള്‍ക്കാനാള്ള ബാധ്യത സര്‍ക്കാരിനുണ്ട്.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കടുത്ത മോദി വിമര്‍ശകനായ സിന്‍ഹ, ജനുവരി 9ന് മുംബൈയില്‍ നിന്നാണ് ഗാന്ധി സമാധാന യാത്ര ആരംഭിച്ചത്. രാജസ്ഥാനിലും ഹരിയാനയിലും പര്യടനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ഉത്തര്‍പ്രദേശിലെത്തിയിരിക്കുന്നത്. ജനുവരി 30ന് രക്തസാക്ഷി ദിനത്തില്‍ ഡല്‍ഹി രാജ്ഘട്ടിലാണ് യാത്ര സമാപിക്കുന്നത്. സിന്‍ഹയുടെ യാത്രയ്ക്ക് കോണ്‍ഗ്രസും എന്‍സിപിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.