'ഷഹിന്‍ ബാഗിനോടുള്ള വെറുപ്പില്‍ വോട്ട് ചെയ്യൂ, ഫലം വരുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണം' അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌  |   Published: 27th January 2020 08:43 AM  |  

Last Updated: 27th January 2020 09:10 AM  |   A+A-   |  

AMIT_SHAH

 

ന്യൂഡല്‍ഹി; ഷഹിന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അമിത് ഷാ നടത്തിയത്. ഷഹിന്‍ ബാഗിനോടുള്ള രോക്ഷത്തിലായിരിക്കണം വോട്ടിങ് മെഷീനിലെ ബട്ടന്‍ അമര്‍ത്താനെന്നും അദ്ദേഹം പറഞ്ഞു.

'ഫെബ്രുവരി എട്ടിന് വോട്ടിങ് മെഷീനില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ഷാഹിന്‍ ബാഗിനോടുള്ള  രോക്ഷമുണ്ടാകണം . ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിലൂടെ ഡല്‍ഹിയിലേയും രാജ്യത്തേയും സുരക്ഷിതമാക്കാനും ഷഹിന്‍ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ തടയാനും സാധിക്കും' ഷാ വ്യക്തമാക്കി.

ഫെബ്രുവരി 11 ന് ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണമെന്നും ഷാ ആവശ്യപ്പെട്ടു. മാലിന്യവിമുക്തമായ ഡല്‍ഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിക്കാന്‍ ശുദ്ധമായ വെള്ളം ഉണ്ടാവണം. 24 മണിക്കൂര്‍ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം, ഇവിടെ അനധികൃതമായ കോളനികള്‍ വേണ്ട, മികച്ച ഗതാഗത സൗകര്യം, സൈക്കിള്‍ ട്രാക്ക്, ലോകോത്തരമായ മികച്ച റോഡുകള്‍, ഇവിടെ ട്രാഫിക് കുരുക്കുകളോ ഷാഹിന്‍ ബാഗുകളോ വേണ്ട. അത്തരമൊരു ഡല്‍ഹിയാണ് നമുക്കാവശ്യം' ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധമായി കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നൂറുകണക്കിന് പേരാണ് ഡല്‍ഹിയിലെ ഷഹിന്‍ ബാഗില്‍ പ്രതിഷേധിക്കുന്നത്. ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധ മുഖമാവുകയാണ് ഷഹിന്‍ ബാഗ്.